തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്ഐ. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി എസ്എഫ്ഐ തുടങ്ങിയ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമരം പതിനാലു ദിവസം പിന്നിട്ടു. പന്ത്രണ്ടു ദിവസമായി നിരാഹാര സമരമാണ് നടക്കുന്നത്. അറ്റന്‍ഡന്‍സ്, ഇന്‍റേണല്‍ മാര്‍ക്ക് എന്നിവ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായി കാണുന്ന നിലപാടില്‍നിന്ന് മാനേജ്മെന്‍റ് പിന്‍മാറണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനങ്ങളാണ് കാമ്പസില്‍ ഉണ്ടാകുന്നതെന്നും ഒരു തരത്തിലും പിന്നാക്കം പോകില്ലെന്നും നേതാക്കള്‍ തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി കോളജിലെ എന്‍എസ്എസ് കാമ്പില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ചിട്ടില്ല. ശബരിമലയിലാണ് കഴിഞ്ഞ രണ്ടു വര്‍ഷവും ക്യാമ്പ് നടത്തിയത്. ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രത്യേക ഭാഗം വേര്‍തിരിച്ചു. ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ ബാത്ത് റൂമിനു മുന്നില്‍ പോലും കാമറ വച്ചിട്ടുണ്ട്. ബാത്ത് റൂമില്‍നിന്ന് ഒരു പെണ്‍കുട്ടി മുറിയിലേക്കെത്തുന്നവരെ നിരീക്ഷിക്കാവുന്ന വിധമാണ് കാമറകള്‍ വച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ സ്വകാര്യതയിലേക്കാണ് മാനേജ്മെന്‍റ് കടന്നുകയറുന്നത്. 48 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് കേരള ലോ അക്കാദമിക്കെതിരേ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നത്. സമരം തുടങ്ങിയപ്പോള്‍ മുതല്‍ എസ്എഫ്ഐ എടുത്ത നിലപാട് കാമ്പസിലെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാറണമെന്നാണ്. വിദ്യാര്‍ഥികളുടെ ഇന്‍റേണല്‍ പരിശോധിക്കാന്‍ പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ സ്ക്രൂട്ടിനിയുണ്ട്. ഇതില്‍ മാറ്റം വരുത്തി ഓരോ വിഭാഗത്തിലും എങ്ങനെയാണ് വിദ്യാര്‍ഥിക്ക് ഇന്‍റേണല്‍ മാര്‍ക്ക് കിട്ടിയതെന്നു വ്യക്തമാക്കണം. അറ്റന്‍ഡന്‍സ് സംബന്ധിച്ച പരാതികളും പരിഹരിക്കണം. കോളജ് കൗണ്‍സില്‍ രൂപീകരിക്കുകയും വേണം.
ഈ സമരത്തിന്‍റെ പേരില്‍ വിദ്യാര്‍ഥികളുടെ നേരേ പ്രതികാര നടപടിയുണ്ടാകുമോ എന്നു സംശയിക്കുന്നു. അതിനാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ തുടരുന്നതിനോടു വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമില്ല. ലക്ഷ്മി നായര്‍ രാജിവച്ചു പുറത്തുപോകണമെന്നാണ് എസ്എഫ്ഐയുടെ നിലപാട്. എസ്എഫ്ഐ സമരവുമായി മുന്നോട്ടു പോകുമെന്നും ശക്തമായി വിദ്യാര്‍ഥി പ്രശ്നപരിഹാരത്തിന് മുന്നില്‍ നില്‍ക്കുമെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here