നോട്ട് അസാധുവാക്കൽ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയെന്നു രാഷ്ട്രപതി; സമ്പദ് ഘടനയിൽ സുതാര്യത ഉറപ്പുവരുത്തും; ഇന്ത്യയുടെ ബഹുസ്വരത വെല്ലുവിളി നേരിടുന്നെന്നും പ്രണബ് മുഖർജി

ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് താൽകാലികമായെങ്കിലും തളർച്ചയുണ്ടാക്കിയെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് അസാധുവാക്കൽ സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചെന്നു പ്രണബ് പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. ബുദ്ധിമുട്ടുകൾ താൽക്കാലികമാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തെ എല്ലാ പൗരൻമാർക്കും രാഷ്ട്രപതി റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന് ഗുണകരമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടന കൂടുതൽ സുതാര്യമാകാൻ നടപടി വഴിവയ്ക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കൽ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകൾ കൂടുതലും കറൻസിരഹിതമാകും. കറൻസി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സഹിഷ്ണുതയ്ക്കും വലിയ ഭീഷണി ഉയരുന്ന സമയമാണിതെന്നു രാഷ്ട്രപതി പറഞ്ഞു. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം. ആഗോള തലത്തിലെ വെല്ലുവിളികൾക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിർത്താൻ കഠിനാധ്വാനം ചെയ്യണം. ഭീകരതയെ കടുത്ത രീതിയിൽ തന്നെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News