ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇന്ത്യയുടെ ത്രിവർണ പതാകയുടെ നിറമണിയും. എൽഇഡി വെളിച്ചം ഉപയോഗിച്ചാണ് ബുർജ് ഖലീഫ ത്രിവർണം അണിയുന്നത്. രണ്ടു ദിവസവും വൈകുന്നേരം 6.15, 7.15, 8.15 എന്നീ സമയങ്ങളിലായിരിക്കും ബുർജ് ഖലീഫ ത്രിവർണം അണിയുക.

ആദ്യമായാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ നിറം ബുർജ് ഖലീഫ അണിയുന്നത്. ഇതിനു മുമ്പ് മറ്റു രാജ്യങ്ങളുടെ പതാകയുടെ നിറം ബുർജ് ഖലീഫ അണിഞ്ഞിട്ടുണ്ട്. ഇമാർ പ്രോപ്പർട്ടീസിന്റെ നേതൃത്വത്തിലാണ് ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറം പതിപ്പിക്കുന്നതും ഒപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയ്‌നിലെ എൽഇഡി ഷോയും അരങ്ങേറുന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹിയാന്റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ചാണ് ഇതെന്നതും ശ്രദ്ധേയമാണ്.

സ്വന്തം രാജ്യത്തിന്റെ ദേശീയപതാകയുടെ നിറം ബുർജ് ഖലീഫയിൽ പതിഞ്ഞതിൽ ആഹ്ലാദചിത്തരാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ. ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് നടപടി. നാളെ ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശി നെഹിയാൻ രാജകുമാരൻ പങ്കെടുക്കും.