ലുസാൻ: വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണനേട്ടം പാഴായി. ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടത്തിലെ ഒരു സ്വർണം നഷ്ടമായി. ബീജിംഗ് ഒളിംപിക്‌സിൽ ബോൾട്ട് അടങ്ങിയ റിലേ ടീം 4 ഗുണം 100 മീറ്ററിൽ നേടിയ സ്വർണമാണ് നഷ്ടമായത്. ബോൾട്ടിന്റെ സഹതാരം നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് അടിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് സ്വർണം നഷ്ടമായത്. കാർട്ടർ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സ്വർണം ബോൾട്ട് അടങ്ങിയ ടീം തിരിച്ചു കൊടുക്കേണ്ടി വരും.
2008-ലെ ബീജിംഗ് ഒളിംപിക്‌സിൽ 4 ഗുണം 100 മീറ്റർ റിലേയിൽ സ്വർണം നേടിയ ബോൾട്ടിന്റെ ടീമിൽ അംഗമായിരുന്നു നെസ്റ്റ കാർട്ടർ. അസഫ പവൽ, മൈക്കൽ ഫ്രാറ്റർ എന്നിവരായിരുന്നു അന്നു സഹതാരങ്ങൾ. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കാർട്ടറെ പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. കാർട്ടറുടെ രക്തസാംപിളിന്റെ പരിശോധനാ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. അന്ന് പരിശോധനയ്്ക്കായി രക്തസാംപിൾ എടുത്ത 454 പേരിൽ ഒരാളായിരുന്നു കാർട്ടർ. പരിശോധനയിൽ മരുന്ന് ഉപയോഗിച്ചതായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കണ്ടെത്തി.
ജമൈക്കൻ ടീമിനെ അയോഗ്യരാക്കുന്നതായി ഐഒസി പ്രസ്താവനയിൽ അറിയിച്ചു. മെഡലുകളും മെഡൽ പിന്നുകളും ഡിപ്ലോമകളും പിൻവലിക്കുന്നതായും ഇവയെല്ലാം ടീം ഉടൻ തന്നെ തിരിച്ചേൽപിക്കണമെന്നും ഐഒസി അറിയിച്ചു. റിയോയിലും 100, 200, 4 ഗുണം 100 മീറ്ററുകളിൽ സ്വർണം നേടിയാണ് ബോൾട്ട് ട്രിപ്പിൾ ഒളിംപിക്‌സുകളിൽ ട്രിപ്പിൾ സ്വർണം എന്ന അപൂർവനേട്ടം കയ്യെത്തി പിടിച്ചത്. ഇതിൽ ഒന്ന് ബീജിംഗിലെ 2008 ഒളിംപിക്‌സിലായിരുന്നു. 2012-ൽ ബോൾട്ട് ട്രിപ്പിൾ നേടിയ ലണ്ടനിലും റിലേയിൽ ബോൾട്ടിന്റെ ടീം അംഗമായിരുന്നു കാർട്ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here