സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം; ലക്ഷ്യം വനിതാ സൗഹൃദസേന; 74 കായികതാരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ മുന്നോടിയായാണ് തീരുമാനം.

ഒരു കമാണ്ടന്റ്, 20 വനിതാ പൊലീസ് ഹവില്‍ദാര്‍, 380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, ഒരു ആര്‍മറര്‍ എസ്‌ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു ജൂനിയര്‍ സൂപ്രണ്ട്, ഒരു കാഷ്യര്‍/സ്റ്റോര്‍ അക്കൌണ്ടന്റ്, 8 ക്‌ളര്‍ക്ക്, 2 ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്റന്റ് തസ്തികകള്‍ ഇതിനായി സൃഷ്ടിക്കും. പൊലീസിനെ വനിതാ സൗഹൃദ സേനയാക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാ ബറ്റാലിയന്‍. വനിതകളുടെ അംഗസംഖ്യ പൊലീസ് സേനയില്‍ ഇതോടെ വര്‍ധിക്കും.

74 കായികതാരങ്ങള്‍ക്ക് സായുധസേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു. പൊലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമനയോഗ്യത നേടിയവരുമായ 74 കായികതാരങ്ങള്‍ക്കാണ് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കുക.

അത്‌ലറ്റിക്‌സില്‍ 12 സ്ത്രീകള്‍ക്കും ഒമ്പത് പുരുഷന്മാര്‍ക്കും ബാസ്‌കറ്റ് ബോളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നാലുവീതവും നിയമനം നല്‍കും. ഫുട്‌ബോളില്‍ ആറും ജൂഡോയില്‍ പത്തും നീന്തലില്‍ പന്ത്രണ്ടും വാട്ടര്‍ പോളോയില്‍ പന്ത്രണ്ടും ഹാന്‍ഡ്‌ബോളില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം നല്‍കും.

തമിഴ്‌നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സിആര്‍പിഎഫ് പോലുള്ള പാരമിലിട്ടറി വിഭാഗത്തിലും നിലവില്‍ വനിതാ ബറ്റാലിയനുണ്ട്. കേരളത്തിലും വനിതാ ബറ്റാലിയന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here