അഭയാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക; മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്; മുസ്ലീംവിരുദ്ധത പരസ്യമാക്കി ട്രംപ്

ന്യൂയോര്‍ക്ക്: അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. മെക്‌സിക്കോ അതിര്‍ത്തിയിലെ സുരക്ഷാ വേലികളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സുരക്ഷയ്ക്കായി 5000 സൈനികരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു. ഉത്തരവ് സിറിയ, ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയുമാണ് ബാധിക്കുന്നത്.

ഈ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്കാണ് യുഎസിലേക്ക് പ്രവേശിപ്പിക്കാത്തത്. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവയ്ക്കാനും ഉത്തരവില്‍ പറയുന്നു. കുടിയേറ്റ വിരുദ്ധവികാരവും കടുത്ത മുസ്ലീംവിരുദ്ധതയും പ്രചരണായുധമാക്കിയാണ് ട്രംപ് അധികാരത്തിലെത്തിയത്. പുതിയ ഉത്തരവോടെ അത് പരസ്യമാകുന്നു.

അഭയാര്‍ത്ഥി പ്രവേശനത്തിന് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തുമെന്ന സൂചന കഴിഞ്ഞദിവസം ട്രംപ് നല്‍കിയിരുന്നു. ‘നമ്മള്‍ മതില്‍ പണിയുമെന്ന്’ പറഞ്ഞു കൊണ്ടായിരുന്നു ട്രംപിന്റെ കഴിഞ്ഞദിവസത്തെ ട്വീറ്റ്. ‘ദേശീയ സുരക്ഷക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ് നാളെ. മറ്റ് പല കാര്യങ്ങള്‍ക്കൊപ്പം, നമ്മള്‍ മതില്‍ പണിയും.’-ട്വീറ്റില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News