കവിതയ്ക്കും കവികള്‍ക്കുമായി ‘കവിതയുടെ കാര്‍ണിവല്‍’; ഉത്സവത്തിന് പട്ടാമ്പി സംസ്‌കൃത കോളജില്‍ തുടക്കം

പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പ് നടക്കുക. ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്‍ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നത്.

കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലിയാണ് കാര്‍ണിവലിന് തുടക്കം കുറിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശില്‍പശാല ഡയറക്ടര്‍ കൂടിയായ കവി കെ സച്ചിദാനന്ദന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു.

കേരള ലളിതകലാ അക്കാദമി നടത്തുന്ന ചിത്രപ്രദര്‍ശനം ചിത്രപ്പുര അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ഉദ്ഘാടനം ചെയ്യും. പുസ്തകോല്‍സവം പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി പി ചിത്രഭാനു ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കാര്‍ണിവലും ഇരുപത്താറിന് നടക്കും. ഷൊര്‍ണൂര്‍ എസ്എന്‍ ഹെറിട്ടേജിലാണ് ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാല സംഘടിപ്പിക്കുന്നത്.

നാളെ കവിയോടൊപ്പം പരിപാടിയില്‍ സച്ചിദാനന്ദന്‍ പങ്കെടുക്കും. കവിതയിലെ താളത്തെക്കുറിച്ചു മനോജ് കുറൂറും കവിതയുടെ അരങ്ങുജീവിതത്തെക്കുറിച്ച് ജി ദിലീപനും പ്രഭാഷണം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കാവ്യഭാഷയും ഭാഷാന്തരണ!വും എന്ന വിഷയത്തിലെ സംവാദവും നടക്കും.

മേധ, സീന ശ്രീവല്‍സന്‍ എന്നവര്‍ നൃത്താവിഷ്‌കാരങ്ങള്‍ അരങ്ങിലെത്തിക്കും. പി രാമന്‍ കവിതാവതരണം നടത്തും. കു!ഴൂര്‍ വില്‍സണിന്റെ പോയട്രി ഇന്‍സ്റ്റലേഷനും ആറങ്ങോട്ടുകര പാഠശാലയുടെ മുളവാദ്യ കാവ്യാലാപനവും പാലക്കാട് മെഹ്ഫില്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നടക്കും. കവിതയുടെ അതീത സഞ്ചാരങ്ങളെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ഉദയകുമാറും കവിതയുടെ ചൊല്‍വ!ഴികളെക്കുറിച്ച് പ്രൊഫ. വി മധുസൂദനന്‍നായരും പ്രഭാഷണം നടത്തും.

28ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് മംഗലേഷ് ദെബ്രാള്‍ അതിഥിയായെത്തും. ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാലയിലെ രചനകളുടെ അവതരണവും നടക്കും. കവിയോടൊപ്പം പരിപാടിയില്‍ കെ ജി ശങ്കരപ്പിള്ള പങ്കെടുക്കും. മിഡില്‍ ഈസ്റ്റില്‍നിന്നുള്ള പാലങ്ങള്‍ എന്ന വിഷയത്തില്‍ മുസഫര്‍ അഹമ്മദ് പ്രഭാഷണം നടത്തും. ലക്കിടി കുഞ്ചന്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളലും എം ജി ശശി സംവിധാനം ചെയ്ത ദീരാബായി നാടകവും അവതരിപ്പിക്കും. എ!ഴുത്തച്ഛന്‍, ഇടശേരി, കാവാലം എന്നിവരുടെ കവിതകളെ ആസ്പദമാക്കി വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങിലെത്തും.

രൂപകവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടവും മൂന്നാംലോക കവിതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഡോ. പി പവിത്രനും പ്രഭാഷണം നടത്തും. കവി സംവാദവും സോഷ്യല്‍മീഡിയയിലെ കവിതാ വ്യവഹാരങ്ങളെക്കുറിച്ചു പൊതു സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.

29ന് ഇന്ത്യന്‍ കവിതാ വിവര്‍ത്തനത്തിന്റെ മുഖം എന്ന വിഷയത്തില്‍ എ ജെ തോമസ് പ്രഭാഷണം നടത്തും. പി പി രാമചന്ദ്രന്‍, കല്‍പറ്റ നാരായണന്‍, സജയ് കെ വി, വിജു നായരങ്ങാടി, റൊമിള എന്നിവര്‍ അക്കിത്തത്തിന് കാവ്യാദരം അര്‍പ്പിക്കും. ഡോ. കെ സി നാരായണന്‍ പ്രതീക്ഷിക്കാത്തിടത്തെ കവിതയെക്കുറിച്ചും ടി ടി പ്രഭാകരന്‍ കവിതയും ആകാശവാണിയും എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തും. വിനയചന്ദ്രന്‍ കാവ്യോത്സവത്തില്‍ ഡോ. കെ എം വേണുഗോപാല്‍ അനുസ്മരണം നടത്തും. കവിതാ നിരൂപണത്തിന്റെ വര്‍ത്തമാനത്തെക്കുറിച്ച് പൊതു സംവാദവും കവികളുടെ കവിതാവതരണങ്ങളുമുണ്ടാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here