കാൺപൂരിൽ ഇംഗ്ലണ്ടിനു 148 റൺസ് വിജയലക്ഷ്യം; ഇന്ത്യക്കു തുണയായത് ധോണിയുടെ പ്രകടനം

കാൺപൂർ: കാൺപൂരിൽ നടക്കുന്ന ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയിക്കാൻ 148 റൺസ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ധോണിയുടെയും റെയ്‌നയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നു രക്ഷിച്ചത്. വാലറ്റം അമ്പേ പരാജയപ്പെട്ടു. ധോണിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. കോഹ്‌ലിയും രാഹുലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും രാഹുൽ ആദ്യം പുറത്തായി. 8 റൺസെടുത്ത രാഹുലിനെ ക്രിസ് ജോർദാൻ പുറത്താക്കി. വൈകാതെ 29 റൺസെടുത്ത കോഹ്‌ലിയെ മോയിൻ അലിയും പുറത്താക്കി. യുവരാജ് സിംഗ് 12, സുരേഷ് റെയ്‌ന 34 റൺസെടുത്തും പുറത്തായി.

അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്നു പോരാടിയ ധോണിക്കു പിന്തുണ കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. 36 റൺസുമായി ധോണി പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ (3), ഹർദിക് പാണ്ഡ്യ (9), പർവേസ് റസൂൽ (5) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. മോയിൻ അലി രണ്ടും മറ്റുള്ളവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here