ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പിന്നെയും പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഘോഷത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ ഉടൻ രാജ്പഥ് വിട്ടിറങ്ങി മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു. പതിവു തെറ്റിച്ച് ഇതു രണ്ടാം തവണയാണ് മോദി രാജ്പഥിലെ നിരത്തിലേക്കിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമാണ് ജനങ്ങൾക്കു നേരെ അഭിവാദ്യം ചെയ്യുന്നത്.

 

രാജ്പഥിലെ നിരത്തിലേക്കിറങ്ങിയ മോദി ഇരുവശങ്ങളിലും നിന്നിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഒരു കിലോമീറ്ററോളം റോഡിലൂടെ നടന്ന് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇതു രണ്ടാം തവണയാണ് മോദി ഇത്തരത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങളുടെ അടക്കലേക്ക് എത്തുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ഇപ്രകാരം അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.

വർണാഭമായ പരിപാടികളോടെയാണ് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. യുഎഇ ലഫ്റ്റനന്റ് കേണൽ അബൂദ് മുസാബേ അബൂദ് മുസാബേ അൽഗഫേലിയുടെ നേതൃത്വത്തിലുള്ള യുഎഇ സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളായിരുന്നു ഇത്തവണത്തെ സവിശേഷത. 35 സംഗീതജ്ഞർ അണിനിരന്ന യുഎഇ സൈന്യത്തിന്റെ ബാൻഡും പ്രകടനം കാഴ്ചവച്ചു.