ബാങ്കിംഗ് നിയന്ത്രണങ്ങൾ ഫെബ്രുവരിയിൽ പിൻവലിച്ചേക്കും; ആവശ്യത്തിനു നോട്ടുകൾ എത്തുമെന്ന് ആർബിഐ

ദില്ലി: നോട്ട് അസാധുവാക്കലിനു ശേഷം ഏർപ്പെടുത്തിയിരുന്ന ബാങ്കിംഗ് നിയന്ത്രണങ്ങൾ അടുത്തമാസം അവസാനത്തോടെ പിൻവലിച്ചേക്കുമെന്നു റിപ്പോർട്ട്. പണം പിൻവലിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഫെബ്രുവരി അവസാനത്തോടെ പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അപ്പോഴേക്കം ആവശ്യത്തിനു നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാനാകുമെന്നു റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു.

ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പിൻവലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്നു എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗം കണക്കുകൂട്ടുന്നു. അങ്ങനെയെങ്കിൽ പണം പിൻവലിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ സാധാരണ ഗതിയിലിലാക്കാൻ റിസർവ് ബാങ്കിനു കഴിയും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉൾപ്പെടെ മറ്റു പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ, പ്രതിസന്ധി എന്നു തീരും എന്നു കൃത്യമായ സമയപരിധി നൽകാൻ ഇപ്പോഴും റിസർവ് ബാങ്കിനു സാധിക്കുന്നില്ല. ആർബിഐയുടെ കണക്ക് പ്രകാരം ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്. നോട്ടുകളുടെ ലഭ്യത വർധിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ആർബിഐ ഇളവ് വരുത്തിയിരുന്നു.

എടിഎം വഴി പിൻവലിക്കാവുന്ന തുകയുടെ പരിധി ദിവസം 2,500 രൂപ എന്നത് ആദ്യം 4,500 ആയും പിന്നീട് 10,000 ആയും ഉയർത്തിയിരുന്നു. അതേസമയം ഒരാഴ്ച അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനുള്ള തുകയുടെ പരിധി 24,000 ആയി നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം നവംബർ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 50 ദിവസങ്ങൾക്ക് ശേഷം എല്ലാം പഴയ പടിയാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധി തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here