റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപിച്ചു; ആദ്യ ട്വന്റി-20യിൽ ഇംഗ്ലീഷ് പടയുടെ ജയം 7 വിക്കറ്റിന്

കാൺപൂർ: കാൺപൂരിൽ റിപ്പബ്ലിക് ദിനത്തിൽ തന്നെ ഇന്ത്യക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ ട്വന്റി-20യിൽ ഇന്ത്യയെ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 11 പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. അർധസെഞ്ച്വറി നേടിയ നായകൻ ഇയാൻ മോർഗന്റെയും പുറത്താകാതെ തകർപ്പൻ പ്രകടനം കാഴ്ചവച്ച ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനു അനായാസജയം സമ്മാനിച്ചത്.

148 റൺസ് ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനു ഓപ്പണർമാരായ ജാസൺ റോയിയും സാം ബില്ലിംഗ്‌സും ചേർന്ന് തകർപ്പൻ തുടക്കം സമ്മാനിച്ചു. എന്നാൽ, ഒരോവറിൽ തന്നെ റോയിയെയും ബില്ലിംഗ്‌സിനെയും പുറത്താക്കി ചഹൽ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. പിന്നീട് ഒത്തുചേർന്ന റൂട്ടും മോർഗനും ഇംഗ്ലണ്ടിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. 38 പന്തിൽ 51 റൺസെടുത്ത മോർഗനെ പർവേസ് റസൂൽ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് ലക്ഷ്യത്തോട് അടുത്തിരുന്നു. ബെൻ സ്‌റ്റോക്‌സ് 2 റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. ധോണിയുടെയും റെയ്‌നയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നു രക്ഷിച്ചത്. വാലറ്റം അമ്പേ പരാജയപ്പെട്ടു. ധോണിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. കോഹ്‌ലിയും രാഹുലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും രാഹുൽ ആദ്യം പുറത്തായി. 8 റൺസെടുത്ത രാഹുലിനെ ക്രിസ് ജോർദാൻ പുറത്താക്കി. വൈകാതെ 29 റൺസെടുത്ത കോഹ്‌ലിയെ മോയിൻ അലിയും പുറത്താക്കി. യുവരാജ് സിംഗ് 12, സുരേഷ് റെയ്‌ന 34 റൺസെടുത്തും പുറത്തായി.

അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്നു പോരാടിയ ധോണിക്കു പിന്തുണ കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. 36 റൺസുമായി ധോണി പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ (3), ഹർദിക് പാണ്ഡ്യ (9), പർവേസ് റസൂൽ (5) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. മോയിൻ അലി രണ്ടും മറ്റുള്ളവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News