ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ; ബോംബ് താഴെ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധൈര്യം ആർഎസ്എസിനില്ല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ. കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രധിഷേധാർമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്ത് പീടികയിൽ പൊതുയോഗത്തിൽ സംസാരിക്കവെയാണ് വേദിക്കു നേർക്ക് ആർഎസ്എസ് ബോംബെറിഞ്ഞത്.

ബോധപൂർവം സംഘർഷം സൃഷ്ടിച്ച് വർഗീയ മുതലെടുപ്പ് നടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ബോംബും ആയുധങ്ങളും താഴെ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധൈര്യം ആർഎസ്എസിനില്ല. ബോംബ് നിർമ്മാണം നടത്തുന്ന ഭീരുക്കളുടെ സംഘമായി ആർഎസ്എസ് മാറി. ഈ നില തുടർന്നാൽ അക്രമികൾക്കെതിരായി നാട്ടിൽ സമാധാനം സ്ഥാപിക്കാൻ ജനങ്ങളുടെ പ്രധിരോധനിരയ്ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോടിയേരിയിലെ രക്തസാക്ഷി കെ.പി ജിജേഷിന്റെ അനുസ്മരണ പൊതുയോഗത്തിനു നേർക്കാണ് ബോംബേറുണ്ടായത്. പൊതുയോഗം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പൊതുയോഗത്തിനെത്തിയ ആൾക്കൂട്ടത്തിനു നേർക്ക് ബോംബെറിയുകയായിരുന്നു. ബോംബ് റോഡിൽ വീണ് പൊട്ടി. ഒരു സിപിഐഎം പ്രവർത്തകനു പരുക്കേറ്റു.

സിപിഐഎം പ്രവർത്തകനായ ലാലുവിനാണ് പരുക്കേറ്റത്. ആർഎസ്എസ് തന്നെയാണ് ആക്രമണം സംഘടിപ്പിച്ചതെന്നു സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെട്ടിയ പാർട്ടി പതാകകൾ നശിപ്പിക്കുകയും പ്രചരണ ബോർഡുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here