‘അങ്ങനെയൊരു വിഡ്ഢിത്തം ചെയ്യില്ല’; കോപ്പിയടി ആരോപണങ്ങള്‍ക്ക് മറുപടിയുമായി സത്യന്‍ അന്തിക്കാട്

ദുല്‍ഖര്‍ സല്‍മാനെ നായകനായി ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായി ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സാമ്യതയുണ്ടെന്നാണ് സിനിമാ ഗ്രൂപ്പുകളിലും ചില ഓണ്‍ലൈന്‍ റിവ്യുകളിലും ഉയര്‍ന്ന ആരോപണം. ഇതിന് പിന്നാലെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു.


സത്യന്‍ അന്തിക്കാട് പറയുന്നത് ഇങ്ങനെ:

‘സിനിമ ഇറങ്ങിയതിന് ശേഷം സോഷ്യല്‍മീഡിയയില്‍ പെട്ടെന്ന് പ്രചരിച്ച ഒരു സംഭവം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിഷയവുമായി ഇതിന് സാമ്യം ഉണ്ടെന്നായിരുന്നു. അങ്ങനെയൊരു സിനിമ ഇറങ്ങിക്കഴിഞ്ഞാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഇത്രയും സീനിയറായ ഞാനും ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായ ഇക്ബാല്‍ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്റെ ഛായ വരാവുന്ന സിനിമ ചെയ്യാന്‍ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകള്‍ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയില്‍ പകര്‍ത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം നമ്മള്‍ ചെയ്യില്ല.’-സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘അച്ഛനും മകനും തമ്മിലുള്ള റിലേഷന്‍ഷിപ്പായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങളിലും പറഞ്ഞത്. മനസിനക്കരെയിലും അതുണ്ട്. ജയറാമിന്റെയും ഇന്നസെന്റിന്റെയും കഥാപാത്രങ്ങള്‍. രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെയും ഭരത് ഗോപിയുടെയും കഥാപാത്രങ്ങള്‍. ഇതൊക്കെ സ്‌നേഹമുള്ള അച്ഛന്റെയും സ്‌നേഹമുള്ള മക്കളുടെയും കഥകളാണ്. അച്ചുവിന്റെ അമ്മയില്‍ അമ്മയും മകളും തമ്മിലുള്ള റിലേഷന്‍ഷിപ്പും. ഒരു സിനിമയില്‍ അച്ഛനും മകനും ഉണ്ടായിപ്പോയി എന്നുള്ളതിനാല്‍ ഇനി ലോകത്ത് അച്ഛന്‍ മകന്‍ ബന്ധമുള്ള സിനിമ പാടില്ല എന്ന് ചിന്തിക്കാനാവില്ലല്ലോ?’-സത്യന്‍ അന്തിക്കാട് ചോദിക്കുന്നു.

വിവാദങ്ങള്‍ക്ക് കഴിഞ്ഞദിവസം ഇക്ബാല്‍ കുറ്റിപ്പുറം നല്‍കിയ മറുപടി ഇങ്ങനെ: ‘രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത സമയത്ത് ഞാന്‍ ജോമോന്റെ സുവിശേഷങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഞങ്ങളുടെ സിനിമ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയറ്ററുകളിലെത്തിയത്. ജേക്കബ് റിലീസ് ചെയ്ത സമയത്ത് ഞാന്‍ വിനീതിനെ കണ്ടിരുന്നു, എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. രണ്ട് ചിത്രങ്ങളിലെയും പ്രമേയത്തിലെ സമാനതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയാണ് വിനീത് ചെയ്തത്. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here