വഞ്ചിച്ച മലയാളി ഭര്‍ത്താവില്‍ നിന്ന് പാക് യുവതിക്ക് നീതി; ഇതൊരു മധുര പ്രതികാരത്തിന്റെ കഥ; പെണ്‍കുട്ടികളെ വഞ്ചിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള താക്കീതും

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച മലയാളിയില്‍ നിന്ന് ജീവനാംശം നേടിയെടുത്ത് പാക് വംശജയായ ബ്രിട്ടീഷ് യുവതി. തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച മലപ്പുറം ചാവക്കാട് സ്വദേശി നൗഷാദ് ഹുസൈനില്‍ നിന്നാണ് മറിയം ഖാലിഖ് എന്ന 34കാരി വിവാഹമോചനവും ജീവനാംശവും നേടിയെടുത്തത്.

തന്റെ പോരാട്ടം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ജീവിതം വച്ച് കളിച്ച ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും മറിയം പറഞ്ഞു. സ്ത്രീകളെ അത്ര എളുപ്പത്തില്‍ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് പുരുഷന്‍മാരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിതെന്നും മറിയം പറയുന്നു. Pak-origin-UK-woman-2
ലണ്ടനില്‍ വച്ചാണ് നൗഷാദും മറിയവും പരിചയപ്പെടുന്നത്. സൗഹൃദത്തിനും ഒന്നരവര്‍ഷത്തെ പ്രണയത്തിനും ശേഷം 2013 ഏപ്രിലില്‍ ഇവര്‍ വിവാഹിതരായി. ഒരു വര്‍ഷത്തിന് ശേഷം, വീട്ടുകാരുടെ സമ്മതം നേടി നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മറിയത്തെ വിശ്വസിപ്പിച്ച് നൗഷാദ് കേരളത്തില്‍ എത്തി. എന്നാല്‍ നാട്ടിലെത്തിയ നൗഷാദിനെക്കുറിച്ച് പിന്നീട് ഒരു വിവരവും മറിയത്തിന് ലഭിക്കാതെയായി. പിന്നീട് ലഭിച്ചത് ഒരു കത്താണ്. വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തിന് എതിരാണെന്നും തനിക്ക് യുകെയിലേക്ക് തിരികെ എത്താന്‍ സാധിക്കില്ലെന്നുമായിരുന്നു നൗഷാദ് കത്തില്‍ പറഞ്ഞത്. തുടര്‍ന്ന് നൗഷാദിനെ കണ്ടെത്താനായി മറിയം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.

വിവാഹഫോട്ടോ മാത്രമായിരുന്നു നൗഷാദിനെ കണ്ടെത്താന്‍ മറിയത്തിന്റെ കൈയിലുണ്ടായിരുന്ന ഏക തെളിവ്. അപ്പോള്‍, സ്‌നേഹിത എന്ന കുടുംബശ്രീയാണ് മറിയത്തിന് സഹായവുമായി എത്തിയത്. രണ്ടു മാസത്തെ തെരച്ചിലിന് ശേഷമാണ് മറിയം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന നൗഷാദിനെ കണ്ടെത്തിയത്. എന്നാല്‍ മറിയത്തെ സ്വീകരിക്കാന്‍ നൗഷാദ് തയ്യാറായില്ല. തുടര്‍ന്നാണ് നിയമത്തിന്റെ വഴിക്ക് നീങ്ങാന്‍ മറിയം തീരുമാനിച്ചത്.

ഒടുവില്‍ മറിയത്തിന് പൊലീസ് സംരക്ഷണത്തില്‍ നൗഷാദിന്റെ വീട്ടില്‍ നില്‍ക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ നൗഷാദ് അപ്പോഴും രണ്ടാം വിവാഹവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ തന്നെയായിരുന്നു. ഒടുവില്‍ നിയമത്തിന്റെ സഹായത്താല്‍ തന്നെ മറിയം നൗഷാദില്‍ നിന്ന് വിവാഹമോചനം തേടി. ലണ്ടനിലെ കോടതിയില്‍ നിന്നും വിവാഹബന്ധം വേര്‍പെടുത്തിയെന്ന കരാറുമായി കേരളത്തില്‍ എത്തിയ മറിയം ജീവനാംശവും വാങ്ങിയെടുത്തു. യുകെയിലെ ജീവിതരീതിക്ക് അനുപാതമായ തരത്തില്‍ ഒറ്റ തവണ ജീവനാംശം നല്‍കണമെന്ന് മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News