ഗുവാഹതി: ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് അസാം ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദപരാമര്‍ശം.

ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് രഞ്ജിത് ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് നേതാവ് ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ചത്. ദേശീയപതാക തലതിരിച്ച് കെട്ടിയത് വലിയ കാര്യമാക്കേണ്ടെന്നും ചില ദിവസങ്ങളില്‍ താന്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്നുമായിരുന്നു രഞ്ജിത് ദാസിന്റെ വിശദീകരണം.

ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് രാജ്യത്തെ അപമാനിക്കുന്നതാണെന്നും അസാം കോണ്‍ഗ്രസ് പ്രസിഡന്റ് റിപുണ്‍ ബോറ പറഞ്ഞു.

 

 

അതേസമയം, അത്തരമൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മറ്റൊരാള്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും രഞ്ജിത് ദാസ് പറഞ്ഞു. തലതരിച്ച് ഉയര്‍ത്തിയ പതാക പിന്നീട് ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തിയെന്നും രഞ്ജിത് പറഞ്ഞു.