എഴുത്തുകാരനോട് എങ്ങനെ എഴുതണമെന്നു പറയാനാകില്ലെന്ന് സച്ചിദാനന്ദന്‍; ഏതു കാലത്തെയും അനിവാര്യമായ ജൈവ ആവിഷ്‌കാരമാണ് കവിത

പട്ടാമ്പി: എഴുത്തുകാരോട് ഏതു രീതിയില്‍ എഴുതണമെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടു കൂറു പുലര്‍ത്തണമെന്നോ പറയാന്‍ കഴിയില്ലെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലില്‍ കവിയോടൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍. എഴുതുന്നത് ഇഷ്ടമുള്ളതുപോലെ വായിക്കണമെന്നു പറയാന്‍ മാത്രമേ എഴുത്തുകാരനു കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍നീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തും എഴുത്തുകളിലൂടെ ചോദ്യം ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്‍മാരും. മലയാളത്തില്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള കവികള്‍ നീതിബോധത്തെയും സൗന്ദര്യബോധത്തെയും ഒരേസമയം ആവിഷ്‌കരിച്ചവരാണ്. ഇത് ലോകത്തെ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുള്ളതാണ്.

ധര്‍മാധര്‍മങ്ങള്‍ മനുഷ്യനെ പഠിപ്പിക്കേ പൈങ്കിളിപ്പാട്ടായി മാറുന്നതിനെക്കുറിച്ച് ഇടശേരി പറഞ്ഞിട്ടുണ്ട്.മനുഷ്യര്‍ ജീവിക്കുന്നത് ആശയങ്ങള്‍ കൊണ്ടുകൂടിയാണെന്നാണ് അദ്ദേഹം കവിതയിലൂടെ ചൂണ്ടിക്കാട്ടിയത്. കവികളെക്കുറിച്ച് സൗവര്‍ണ പ്രതിപക്ഷമെന്നാണ് വൈലോപ്പിള്ളി പറഞ്ഞിരിക്കുന്നത്. മുന്‍കാല എഴുത്തുകാരെ പഠിക്കുമ്പോള്‍ സമകാലിക സാഹചര്യം കൂടി ഓര്‍മയില്‍ വരും. അവരുടെ ഉദ്വേഗങ്ങള്‍, സങ്കടങ്ങള്‍, ആശങ്കകള്‍, സന്തോഷങ്ങള്‍ എന്നിവയൊക്കെത്തന്നെയാണ് ഇന്നും കവിതയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.

പാരമ്പര്യം മുന്‍കൂട്ടി നിര്‍ണയിക്കുന്നതല്ല. കവിതയിലെ ഓരോ തലമുറയും ഈ സാഹചര്യത്തെ നവീകരിക്കുകയാണ്. കവിതയില്‍ നവീകരണം ലോകത്തെമ്പാടും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഓരോ നവീകരണങ്ങളെയും ഓരോ പേരിട്ടു വിളിക്കുന്നു. ഇതെല്ലാം കവിയെയോ സഹൃദയനെയോ സംബന്ധിച്ച് അത്ര പ്രധാനമല്ല. എത്രകാലം ഇങ്ങനെ നവീകരണങ്ങള്‍ക്കു പേരിട്ടുകൊണ്ടിരിക്കുമെന്നും സച്ചിദാനന്ദന്‍ ചോദിച്ചു.

ഭാഷാകലകള്‍ക്കു നിര്‍സാമൂഹികമാകാന്‍ കഴിയില്ല. എത്രമാത്രം വ്യക്തിവല്‍കരിച്ചാലും സമൂഹത്തിന്റെ അംശങ്ങളും സാമൂഹിക സ്മൃതികളും സമൂഹത്തിന്റെ പൊതുവായ അഭിലാഷങ്ങളും അവയിലൂടെ പ്രതിഫലിക്കും. കവിതയെ വൈയക്തികമെന്നും സാമൂഹികമെന്നും വേര്‍തിരിക്കുന്നത് അപ്രസക്തമാണ്. കവിത കവിതയ്ക്കുവേണ്ടിയാണോ സമൂഹത്തിനു വേണ്ടിയാണോ എന്ന വാദം അസംബന്ധമായി മാറുന്ന കാലത്താണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News