ലോ അക്കാദമിയില്‍ നിയമ ലംഘനങ്ങള്‍ നടന്നു; ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ വിഷയങ്ങളില്‍ പ്രിന്‍സിപ്പലിന്റെ സമീപനം ശരിയായില്ല; വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഗൗരവതരം; കണ്ടെത്തല്‍ സിന്‍ഡിക്കറ്റ് ഉപസമിതിയുടേത്

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍ നിയമ ലംഘനങ്ങള്‍ നടന്നുവെന്ന് കേരള സര്‍വകലാശാല കണ്ടെത്തി. സിന്‍ഡിക്കറ്റ് നിയോഗിച്ച ഉപസമിതിയുടേതാണ് കണ്ടെത്തല്‍. ലോ അക്കാദമിക്കെതിരായ നടപടി സിന്‍ഡിക്കറ്റിന് തീരുമാനിക്കാമെന്നും ഉപസമിതി റിപ്പോര്‍ട്ട് നല്‍കി.

ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലും ഹാജര്‍ നല്‍കുന്നതിലും വഴിവിട്ട ഇടപെടലുകള്‍ നടന്നുവെന്നും സിന്‍ഡിക്കറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരവും സത്യസന്ധവുമാണ് എന്നും സിന്‍ഡിക്കറ്റ് ഉപസമിതി വിലയിരുത്തി. ലോ അക്കാദമി ലോ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നാളെ ചേരുന്ന പ്രത്യേക സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്യും. ഇതിന് മുന്നോടിയായാണ് ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ടാഴ്ചയിലേറെയായി സമരം നടത്തുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, പ്രിന്‍സിപ്പല്‍ നടത്തുന്ന മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമര സമിതി ഉയര്‍ത്തുന്നത്.

സമരം ശക്തമായി തുടരുന്നതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സിന്‍ഡിക്കറ്റ് ഉപസമിതി ലോ അക്കാദമിയിലെത്തി തെളിവെടുത്തത്. വിദ്യാര്‍ത്ഥിനികളുടേത് ഉള്‍പ്പടെ നൂറുകണക്കിന് പരാതികളാണ് ഉപസമിതിക്ക് മുന്നില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സിന്‍ഡിക്കറ്റ് ഉപസമിതി സിന്‍ഡിക്കറ്റിന് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News