ഗ്രാമസഭകള്‍ വിളിക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാര്‍ഹം; ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണം; അധികാരം അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സിപിഐഎം

തിരുവനന്തപുരം : നീതി ആയോഗിനെ ഉപയോഗിച്ച് ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഫെഡറല്‍ ഭരണ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് സിപിഐഎം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണം. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഭരണഘടനാപരമായി ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണിത്. സംസ്ഥാനത്തിന്റെ അധികാരത്തിന്മേല്‍ കടന്നു കയറാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ഘട്ടത്തില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ടിടപെടാന്‍ നടത്തിയ നീക്കം വലിയ പ്രതിഷേധത്തെ ത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതാണ്. അതേ നിലയിലുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

ജില്ലാ കളക്ടര്‍മാരോടാണ് ഗ്രമസഭകള്‍ വിളിച്ചുകൂട്ടാന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് വഴി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് വിഷന്‍ ഡോക്യുമെന്റ് രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്ന ന്യായീകരണമാണ് ഇതിനായി പറയുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടായിരിക്കെ അതിനെ മറികടന്ന് പ്രാദേശികതലത്തിലേക്ക് കേന്ദ്രം നേരിട്ട് ഇടപെടുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ഇടപെടലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന ത്തിന്റെ അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ഗ്രാമസഭകള്‍ നേരിട്ട് വിളിച്ചു ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഇതിനെതിരായി പഞ്ചായത്തുകളില്‍ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News