തിരുവനന്തപുരം: ഫെബ്രുവരി രണ്ടു മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. നിരക്കു വർധന ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 24നു സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
ജനുവരി 19നു നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന സൂചനാ പണിമുടക്ക് ബസുടമകൾ സ്‌കൂൾ കലോത്സവത്തെ തുടർന്ന് 24ലേക്കു മാറ്റുകയായിരുന്നു. സൂചനാ പണിമുടക്ക് നടത്തി അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നു ബസുടമകളുമായി ഗതാഗതമന്ത്രി യോഗം വിളിച്ചത്.
നിരക്ക് വർധനയിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ അടുത്ത മാസം രണ്ട് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനായിരുന്നു ബസ് ഉടമകൾ തീരുമാനിച്ചിരുന്നത്. രാജ്യത്ത് ഇന്ധനവില വർധിച്ച സാഹചര്യത്തിൽ മിനിമം ചാർജ് ഒമ്പത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.
Get real time update about this post categories directly on your device, subscribe now.