ഞാനൊരു ഇന്ത്യക്കാരനാണ്; മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് സൽമാൻ ഖാന്റെ മറുപടി

ജോധ്പൂർ: മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. മതം ഏതെന്നു ചോദിച്ചപ്പോൾ താൻ ഇന്ത്യക്കാരനാണെന്നായിരുന്നു സൽമാന്റെ മറുപടി. മാൻവേട്ട കേസിൽ ജോധ്പൂർ കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. നേരത്തെയും സൽമാൻ ഇതേ ചോദ്യത്തിനു സമാന മറുപടി നൽകിയിരുന്നു.

സെയ്ഫ് അലി ഖാൻ, തബു, സോനാലി ബെന്ദ്രേ, നീലം എന്നിവർക്കൊപ്പമാണു സൽമാൻ മൊഴി നൽകാനെത്തിയത്. വിചാരണ നടന്നു കൊണ്ടിരിക്കെ സൽമാനെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂട്ടർ സല്ലുവിനോടു താങ്കളുടെ മതം ഏതാണെന്നു ചോദിച്ചത്. എന്റെ പേര് സൽമാൻ ഖാൻ എന്നാണ്. ഞാനൊരു ഇന്ത്യക്കാരനാണ്. ഇതായിരുന്നു സൽമാന്റെ മറുപടി. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സൽമാൻ കോടതിയെ അറിയിച്ചു.

1998 ഒക്ടോബറിലാണ് ജോധ്പൂരിൽ മാനുകളെ വേട്ടയാടിയതിനു സൽമാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിനായി ജോധ്പൂരിലെത്തിയ സൽമാനും സഹതാരങ്ങളും മാനുകളെ വേട്ടയാടിയെന്നാണ് കേസ്. ഇതിനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. എന്നാൽ, കണ്ടെടുത്ത തോക്ക് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്നു കണ്ടെത്തിയതോടെ കേസ് മാറി. അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ കഴിഞ്ഞയാഴ്ചയാണ് കോടതി സൽമാനെ വെറുതെ വിട്ടത്.

മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിൽ മറ്റൊരു കേസിൽ വിചാരണ ഇപ്പോഴും പുരോഗമിക്കുന്നുമുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് 2006ലും 2007ലും കുറച്ചുദിവസം സൽമാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News