ഗാന്ധിനഗർ: മദ്യം നിരോധിച്ച ഗുജറാത്തിൽ മതപ്രഭാഷകയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മദ്യക്കുപ്പികളും 80 ലക്ഷം രൂപയുടെ സ്വർണക്കട്ടികളും കണ്ടെത്തി. സ്വർണബിസ്‌കറ്റ് വാങ്ങിയതിന്റെ കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഇവ പിടിച്ചെടുത്തത്. മതപ്രഭാഷകയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായ സാധ്വി ജയ്ശ്രീ ഗിരിയാണ് അറസ്റ്റിലായത്.

ഗുജറാത്തിലെ ബനസംഗാത ജില്ലയിലാണ് സംഭവം. സ്ഥലത്തെ ഒരു ജ്വല്ലറിയിൽ നിന്നും സാധ്വി മുഴുവൻ തുകയും അടയ്ക്കാതെ 5 കോടി രൂപയുടെ സ്വർണക്കട്ടി വാങ്ങിയിരുന്നു. കടയുടമ പലതവണ ആവശ്യപ്പെട്ടിട്ടും പണം മുഴുവനും അടയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കടയുടമ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കടയുടമയുടെ പരാതി സ്വീകരിച്ച പൊലീസ് സാധ്വിയുടെ വീട്ടിൽ റെയ്ഡ് നടത്തി.

വീട് പരിശോധിച്ചപ്പോഴാണ് പൊലീസ് ശരിക്കും ഞെട്ടിയത്. 80 ലക്ഷം രൂപയുടെ 24 സ്വർണ്ണക്കട്ടികളും 1.2 കോടി രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. മദ്യക്കുപ്പികളും ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ മുഖ്യപ്രതിയാണ് സാധ്വിയെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.