തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. ഇന്നു ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് വിദ്യാർത്ഥികളുടെ സമരത്തിനു പിന്തുണ നൽകാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിക്കണമെന്നു ജില്ലാ സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
14 ദിവസമായി വിദ്യാർത്ഥികൾ നടത്തിവരുന്ന നിരാഹാരം എത്രയും വേഗം ഒത്തുതീർക്കാൻ മാനേജ്‌മെന്റ് തയ്യാറാകണം. മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. കലാലയത്തിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും പഠനം പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. സമരത്തെ യാഥാർത്ഥ്യ ബോധത്തോടെ കാണാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പിടിവാശി ഉപേക്ഷിച്ച് വിദ്യാർത്ഥികളും മാനേജ്‌മെന്റും ചർച്ച ചെയ്ത് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ രാജിവയ്ക്കണം എന്ന നിലപാട് എടുത്തത് വിദ്യാർത്ഥി സംഘടനകളാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു പ്രതികരിച്ചിരുന്നു. അവർക്ക് അത്തരമൊരു നിലപാട് എടുക്കാൻ പാർട്ടിയോടു അഭിപ്രായം ചോദിക്കേണ്ട ആവശ്യം ഇല്ല. വിദ്യാർത്ഥി സംഘടനകൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടിയോട് ചോദിക്കേണ്ടതില്ലെന്നും കോടിയേരി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here