ഫാസിസവും സോഷ്യല്‍ ഫാസിസവും

”ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബിജെപി സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല” എന്ന് സിപിഐഎം പരിപാടി വിലയിരുത്തുന്നുണ്ട്. ആ പാര്‍ട്ടി ഇപ്പോള്‍ തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലിരിക്കുകയാണ്. പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോദി ആര്‍ എസ് എസിന്റെ പ്രചാരകനായി സന്നദ്ധ പ്രവര്‍ത്തനം നടത്തിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പ്രധാനമന്ത്രിയായതിന് ശേഷം സ്വേച്ഛഛാധിപത്യപരമായ നിരവധി നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.

ബിജെപിയും സംഘപരിവാരത്തിലെ മറ്റു സംഘടനകളുമൊക്കെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനായി വര്‍ഗീയ ലഹളകള്‍ അടക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഫാസിസ്റ്റ് പ്രവണതയാണെന്ന ആക്ഷേപം ജനാധിപത്യ ശക്തികള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സിപിഐഎം, ബിജെപിക്ക് സമാനമാണെന്നും ഇരുകൂട്ടരും സോഷ്യല്‍ ഫാസിസ്റ്റുകള്‍ ആണെന്നും ഉള്ള പുതിയ സന്തുലന സിദ്ധാന്തം അവതരിപ്പിക്കാന്‍ സ്വത്വരാഷ്ട്രീയക്കാരും ഇടതുപക്ഷ തീവ്രവാദികളുമൊക്കെ സംഘടിതമായ ശ്രമമാണിന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

17.01.17ലെ മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഒരു സ്വത്വ രാഷ്ട്രീയ സൈദ്ധാന്തികന്‍ എഴുതിയത് ഇപ്രകാരമാണ്. ”കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത് ഒരു വശത്ത് ഹിന്ദുത്വ പരിവാറും മറുവശത്ത് ഇടത് സര്‍ക്കാരും രാഷ്ട്രീയമായി അഭിപ്രായ ഭിന്നതകളുള്ള വരെ നേരിട്ടും അണികളെ അഴിച്ചുവിട്ടും പോലീസിനെ ഉപയോഗിച്ചും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സോഷ്യല്‍ ഫാസിസമാണ്. അനായാസം പരസ്പരം വെച്ചുമാറാന്‍ കഴിയുന്ന കൊടികളായിരിക്കുന്നു കാവിയും ചുവപ്പും കേരളത്തില്‍.” ജമാഅത്തെ ഇസ്ലാമിയാല്‍ നടത്തപ്പെടുന്ന പത്രമാണ് മാധ്യമം. മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വരുന്നത് അവരുടെ രാഷ്ട്രീയാഭിപ്രായമാണ്.

കേരളത്തില്‍ ന്യൂനപക്ഷ – ദളിത് – ആദിവാസി – പിന്നോക്ക ഐക്യം എന്ന സ്വത്വരാഷ്ട്രീയ മുന്നണിയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു സോഷ്യല്‍ ഫാസിസത്തിന്റെ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വത്തില്‍ സ്വയം പ്രതിഷ്ഠിക്കുന്നതിനൊ അതൊ ഫാസിസ്റ്റ് വിരുദ്ധ വിശാല ഐക്യത്തെ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുന്നവരെ രക്ഷിക്കുന്നതിനൊ?

ഈ വിഷയത്തിന്റെ വിശദാംശങ്ങള്‍ സൂഷ്മമായി വിശകലനം ചെയ്യുന്നതിന് ഫാസിസം എന്തെന്നും സോഷ്യല്‍ ഫാസിസം എന്തെന്നും വിശദമാക്കേണ്ടതുണ്ട്.

എന്താണ് ഫാസിസം?

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഫാസിസം എന്നാല്‍ എന്ത് എന്നത് സംബന്ധിച്ചുള്ള സമഗ്രമായ ഒരു നിര്‍വചനം നല്‍കുന്നത് കമ്യൂണിസ്റ്റ് ഇന്‍ര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാമത്തെ പ്ലീനം ആണ്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ജോര്‍ജി മിഖായി ലോവിച്ച് ദിമിത്രോവിന്റെ ‘ഫാസിസത്തിനെതിരായ ഐക്യമുന്നണി’ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ”ഫൈനാന്‍സ് മൂലധനക്കാരില്‍ വെച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയത്വവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം” അതായത് ഫാസിസം ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ വര്‍ഗാതീതമായ ഗവണ്‍മെന്റല്ല. അത് പെറ്റി ബൂര്‍ഷ്വാസിയുടെയൊ ലുമ്പന്‍ തൊഴിലാളിവര്‍ഗത്തിന്റെയൊ ഗവണ്‍മെന്റല്ല മറിച്ച് ഫൈനാന്‍സ് മൂലധനത്തിന്റെ അധികാരശക്തി തന്നെയാണ് ഫാസിസം എന്ന് ദിമിത്രോവും കമ്യൂണിസ്റ്റ് ഇന്‍ര്‍നാഷണലുമൊക്കെ വ്യക്തമാക്കുന്നുണ്ട്.

തൊഴിലാളിവര്‍ഗത്തിനും കൃഷിക്കാരിലെ വിപ്ലവബോധമുള്ള വിഭാഗത്തിനും ബുദ്ധിജീവികള്‍ക്കും എതിരായ ഭീകരമായ പ്രതികാരത്തിനുള്ള സംഘടനയാണത്. ഫാസിസത്തിന്റെ ഈ വര്‍ഗാടിത്തറയെ മറച്ചുവെച്ചുകൊണ്ട് ഫാസിസത്തിനെതിരായി ബഹുജനഐക്യം കെട്ടിപ്പടുക്കാനൊ അതിനെതിരായ മുന്നണിയുണ്ടാക്കാനോ കഴിയില്ല.

എന്നാല്‍ സോഷ്യല്‍ ഫാസിസം എന്ന മറ്റൊരു സങ്കല്പനം ഉപയോഗിച്ചുക്കൊണ്ട് ഫാസിസത്തിന്റെ വര്‍ഗപരമായ ഉള്ളടക്കത്തെ മറച്ചുവെക്കാനും അതിനെതിരായി വളന്നുവരേണ്ട വിശാലമായ ഐക്യമുന്നണിയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം സോഷ്യല്‍ ഫാസിസം എന്ന സങ്കല്പനത്തെ പരിശോധിക്കുവാന്‍.

സോഷ്യല്‍ ഫാസിസം

ഫാസിസം അധികാരത്തിലേറുന്നതിന് മുമ്പ് അതായത് അതിന്റെ വളര്‍ച്ചയുടെയും രൂപീകരണത്തിന്റെയും ഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഇന്‍ര്‍നാഷണലിന്റെ തന്നെ യോഗങ്ങളില്‍ വെച്ചാണ് ഈ സങ്കല്പനം ആദ്യമായി ചര്‍ച്ചചെയ്യപ്പെടുന്നത്. സോഷ്യല്‍ ഡെമോക്രാറ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ശക്തമായ ആശയസമരം നടന്നുകൊണ്ടിരുന്ന കാലത്താണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന് വിളിക്കപ്പെടുന്ന മൂന്നാം ഇന്റര്‍നാഷണല്‍ രൂപീകൃതമാവുന്നത്.

രണ്ടാം ഇന്റര്‍നാഷണലിന്റെ നേതൃത്വം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ കയ്യടക്കിയതിനെ തുടര്‍ന്നാണ് മൂന്നാം ഇന്റര്‍നാഷണല്‍ രൂപീകൃതമാവുന്നതുതന്നെ. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നാലാം കോണ്‍ഗ്രസ്സില്‍ ”സാര്‍വ്വദേശീയ പ്രതിവിപ്ലവശക്തികളിലെ മുഖ്യഘടകമായ സോഷ്യല്‍ ഡെമോക്രസിയെ പരാജയപ്പെടുത്തലാണ് ഈ കാലഘട്ടത്തിലെ മുഖ്യ കടമയെന്ന് ഒരാള്‍ക്ക് യാതൊരു അതിശയോക്തിയും കൂടാതെ പറയാനാവും” എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. സോഷ്യലിസ്റ്റ് എന്ന് പേരിട്ടിട്ടുള്ള ചില പാര്‍ട്ടികളാണ് പിന്നീട് ഫാസിസ്റ്റ് പാര്‍ട്ടികളായി മാറിയത്.

ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി തന്നെ നാഷണല്‍ സോഷ്യലിസ്റ്റ് ആയിരുന്നല്ലൊ?

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ അഞ്ചാം കോണ്‍ഗ്രസ്സില്‍ ഫാസിസത്തെ കുറിച്ച് ട്രോഡ്‌സ്‌കി അവതരിപ്പിച്ച പ്രമേയത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ”ബൂര്‍ഷ്വാസമൂഹം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണെന്നതിനാല്‍ എല്ലാ ബൂര്‍ഷ്വാപാര്‍ട്ടികളും വിശിഷ്യാ സോഷ്യല്‍ ഡെമോക്രസിയും കൂടുതല്‍ കൂടുതല്‍ ഫാസിസ്റ്റ് സ്വഭാവങ്ങള്‍ പ്രകടമാക്കികൊണ്ടിരിക്കുന്നു. ഫാസിസവും സോഷ്യല്‍ഡേമോക്രസിയും മുതലാളിത്ത സ്വേഛാധിപത്യത്തിനുള്ള ഉപകരണത്തിന്റെ രണ്ടു വശങ്ങളാണ്. അതിനാല്‍ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍, പോരാടുന്ന തൊഴിലാളിവര്‍ഗത്തിന്റെ വിശ്വസ്തമായ സഖ്യകക്ഷിയായിരിക്കാന്‍ സോഷ്യല്‍ ഡെമോക്രസിക്കു കഴിയില്ല.”

സോഷ്യല്‍ ഡെമോക്രസിയും ഫാസിസവും തമ്മിലുള്ള ഈ ബന്ധത്തെ സംയോജിപ്പിച്ച് സോഷ്യല്‍ ഫാസിസം എന്ന പദപ്രയോഗം ആദ്യമായി കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ രേഖകളില്‍ വരുന്നത് 1929ല്‍ നടന്ന പത്താം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്ലീനത്തിലാണ്.

”സാമ്രാജ്യത്വ വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയും വര്‍ഗസമരം രൂക്ഷതരമായിത്തീരുകയും ചെയ്യുന്ന ഈ സ്ഥിതി വിശേഷത്തില്‍ ഫാസിസം ബൂര്‍ഷ്വാഭരണത്തിന്റെ കൂടുതല്‍ കൂടുതല്‍ പ്രബലമായ ഒരു രീതിയായി മാറിയിരിക്കുന്നു. ശക്തമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുള്ള രാജ്യങ്ങളില്‍ ഫാസിസം സോഷ്യല്‍ ഫാസിസത്തിന്റെതായ രൂപം ആര്‍ജ്ജിച്ചിരിക്കുന്നു.” എന്നാണ് പത്താം എക്‌സിക്യൂട്ടീവ് പ്ലീനം പറഞ്ഞത്.

എന്നാല്‍ ഫാസിസത്തെ കുറിച്ച് കൂടുതല്‍ ശരിയായ നിലപാട് സ്വീകരിച്ച 1935ലെ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് രേഖകളില്‍ ദിമിത്രോവിന്റെ പ്രസംഗത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കകത്ത് അതിനകം വന്ന മാറ്റങ്ങളെ കുറിച്ച് ശരിയായി വിലയിരുത്തുന്നുണ്ട്. ദിമിത്രോവ് പറഞ്ഞു ”സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് വ്യത്യസ്ത ചേരികള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത നാം ഊന്നിപ്പറയുന്നു. ഞാന്‍ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുള്ള പോലെ സോഷ്യല്‍ ഡെമോക്രസിയുടെ ഒരു പ്രതിവിപ്ലവചേരിയുണ്ട്. അതോടൊപ്പം ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ, വിപ്ലവകാരികളായി മാറി വരുന്ന തൊഴിലാളികളുടെ ചേരിയുമുണ്ട്. അത് വളര്‍ന്നുവരികയുമാണ്. ആ രണ്ടുകൂട്ടരും തമ്മിലുള്ള നിര്‍ണായകമായ വ്യത്യാസം പ്രയോഗത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യമുന്നണിയോടുള്ള അവരുടെ നിലപാടില്‍ അടങ്ങിയിരിക്കുന്നു” ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാസിസത്തിനെതിരായ വിശാലമായ ഐക്യത്തില്‍ ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളെ അണിനിരത്തുന്നത്.

മാത്രമല്ല ഏഴാം കോണ്‍ഗ്രസ് ഫാസിസത്തെ കുറിച്ച് അംഗീകരിച്ച രേഖയില്‍ ഒരിടത്തും തന്നെ സോഷ്യല്‍ ഫാസിസം എന്ന സങ്കല്പനം ഉപയോഗപ്പെടുത്തിയിട്ടുമില്ല. ഇതില്‍ നിന്ന് സോഷ്യല്‍ ഫാസിസം എന്നത് ലോകകമ്യൂണിസം തന്നെ ഉപേക്ഷിച്ച ഒരു സങ്കല്പനമായിരുന്നുവെന്ന് കാണാന്‍ കഴിയും.

കമ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വഴിപിഴച്ച പോക്കിനെ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി ഉപയോഗിച്ച ഒരു സങ്കല്പനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉപയോഗപ്പെടുത്താനാണ് സ്വത്വരാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണകൂടം വര്‍ഗോപകരണമാണെന്നതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു സംശയവുമില്ല. കേരളം പോലെ ഒരു സംസ്ഥാനത്ത് പരിമിത അധികാരങ്ങളോടെയാണെങ്കിലും ഭരിക്കുമ്പോള്‍ ഇന്ത്യയെന്ന മുതലാളിത്ത രാജ്യത്തെ പൊതുവായ ഭരണകൂട വ്യവസ്ഥക്കുകീഴില്‍ നിന്നുകൊണ്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യേണ്ടതായിവന്നു ചേരും.

പോലീസ് ഭരണകൂടോപകരണമാണെന്നതിനാല്‍ അതിന്റെ മര്‍ദ്ദക സ്വഭാവം അടിക്കടി പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയും ചെയ്യും. രാജ്യദ്രോഹകുറ്റം ചെയ്യാത്ത കുറ്റകൃത്യങ്ങളിലടക്കം യുഎപിഎ ചുമത്തുന്നത് അതിന്റെ ഭാഗമായാണ്. അതൊക്കെ പുന:പരിശോധിക്കും എന്നും അനാവശ്യമായത് ഒഴിവാക്കും എന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കെ സോഷ്യല്‍ ഫാസിസവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് സ്വത്വരാഷ്ട്രീയക്കാര്‍ വരുന്നത് ആരെ രക്ഷിക്കാനാണ്.?

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here