ജല്ലിക്കട്ട് പ്രക്ഷോഭത്തില്‍ ബിന്‍ ലാദന്റെ ചിത്രവുമായി ചിലര്‍; റിപ്പബ്ലിക്ക് ദിനം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും: പനീര്‍ശെല്‍വം നിയമസഭയില്‍ പറഞ്ഞത്

ചെന്നൈ: ജല്ലിക്കട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭകാരികള്‍ക്കിടയില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയെന്ന വാദവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനോടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വിവിധ സംഘടനകളും രാജ്യവിരുദ്ധ ശക്തികളും ജല്ലിക്കട്ട് പ്രക്ഷോഭകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയെന്നും സമരത്തെ വഴിതിരിച്ചു വിടുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പനീര്‍ശെല്‍വം സഭയില്‍ പറഞ്ഞു. ‘പ്രക്ഷോഭം റിപ്പബ്ലിക് ദിനം വരെ നീട്ടികൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കരിങ്കൊടി ഉയര്‍ത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചിലര്‍ പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യമുന്നയിച്ചു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം കയ്യിലേന്തിയുള്ള ചിത്രങ്ങള്‍ തെളിവായുണ്ട്. റിപ്പബ്ലിക്ക് ദിനം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനവും പ്രതിഷേധക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.’-പനീര്‍ശെല്‍വം പറയുന്നു.

അക്രമസംഭവങ്ങളില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജല്ലിക്കട്ട് നിരോധനം നീക്കാന്‍ മുന്‍ മുഖ്യമന്ത്രി ജെ ജയലളിത ശ്രമിച്ചിരുന്നെന്നും പനീര്‍ശെല്‍വം സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here