കോലഞ്ചേരി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നിലാണ് സംഭവം.

രാവിലെ ദേശീയപതാക ഉയര്‍ത്താന്‍ കരയോഗം സെക്രട്ടറിയും താലൂക്ക് യൂണിയന്‍ മേഖല കണ്‍വീനറുമായ ബി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ കരയോഗ മന്ദിരത്തിന് മുന്നിലെത്തി. അപ്പോഴാണ് ബിജെപി മണ്ഡലം നേതാവ് കെ.ബി രാജന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പതാക ഉയര്‍ത്തുന്നത് തടസപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയകുമാറിന്റെ കൈവശമിരുന്ന ദേശീയപതാക ബലമായി തട്ടിയെടുത്ത് കീറിയെറിഞ്ഞുവെന്നാണ് പരാതി.

മഴുവന്നൂര്‍ പഞ്ചായത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരുമായ കാവാട്ടുവീട്ടില്‍ കെ.ബി രാജന്‍, കൈപ്പിള്ളില്‍ കെ സത്യന്‍, ശ്രീനിലയത്തില്‍ ശ്രീകുമാര്‍വാര്യര്‍, കുറുങ്ങാട്ടുവീട്ടില്‍ ഗോപകുമാര്‍, വിശ്വനാഥന്‍, നെടുമ്പിള്ളില്‍ സുദര്‍ശനന്‍, കാവാട്ട് കെ.ജി ശശിധരന്‍, ബി. മണി എന്നിവരെ പ്രതിയാക്കിയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യസ്‌നേഹത്തിന്റെ പേരില്‍ സാംസ്‌കാരികപ്രവര്‍ത്തകരോടും ചലച്ചിത്രപ്രവര്‍ത്തകരോടും മെക്കിട്ട് കയറുന്ന ബിജെപി നേതാക്കള്‍, സ്വന്തം അണികളുടെ ഈ രാജ്യസ്‌നേഹത്തിന് എന്ത് മറുപടി നല്‍കുമെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. വിമര്‍ശിക്കുന്നവരോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോടും രാജ്യം വിട്ടുപോകാന്‍ പറയുന്ന ബിജെപി നേതാക്കള്‍, ഈ കേസിലെ പ്രതികള്‍ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കുമോയെന്നും ചിലര്‍ പരിഹസത്തോടെ ചോദിക്കുന്നു.