‘നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ മോദിക്ക് എന്തുകൊണ്ട് ദളിതരുടെയം ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല’; ചോദ്യങ്ങളുമായി സെലീന പ്രക്കാനം

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബിജെപിക്കെതിരെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. ബിജെപിയുടെ പുതിയ തന്ത്രമാണ് ഭൂസമരമെന്നും ഇതിനായാണ് സികെ ജാനുവിനെ കൂട്ടുപിടിച്ച് ബിജെപി സമരത്തിനൊരുങ്ങുന്നതെന്നും സെലീന പ്രക്കാനം പറഞ്ഞു.

ഭൂരഹിതരുടെ വോട്ടു കേന്ദ്രീകരിച്ച് അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹം മാറ്റിവയ്ക്കുന്നതാണ് നല്ലത്. പൊതുസമൂഹം ഈ ചതി മനസിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ടാണ് ഭൂരഹിതരുടെയും ദളിത്-ആദിവാസി വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതെന്നും സെലീന ചോദിച്ചു.

ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ആദിവാസികള്‍ തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട. ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായി എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് സംഘ്പരിവാര്‍’. അതുകൊണ്ട് അവരുടെ പിന്തുണ ഭൂസമരത്തിനാവശ്യമില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here