ഗോവധ നിരോധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്ന് സുപ്രീംകോടതി; എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ദില്ലി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ദില്ലി സ്വദേശി വിനീത് സഹായ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വെള്ളിയാഴ്ച തള്ളിയത്.

ഗോവധ നിരോധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗോവധം തടയാന്‍ നിയമം നിര്‍മിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

കന്നുകാലികളെ നിയമവിരുദ്ധമായി കടത്തുന്നത് തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി നേരത്തെതന്നെ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേരളം, ബംഗാള്‍, നാഗാലാന്‍ഡ്, മിസോറാം, സിക്കിം, മേഘാലയ, ത്രിപുര, അരുണാചല്‍ എന്നിവയാണ് ഗോവധത്തിന് അനുമതിയുള്ള സംസ്ഥാനങ്ങള്‍. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗോവധത്തിന് പിടികൂടിയാലോ ബീഫ് വിറ്റാലോ പത്തു വര്‍ഷം വരെയാണ് തടവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News