ലോ അക്കാദമിക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍; ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക്; പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിന് കൈമാറി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും ഗുരുതരമായ ചട്ടലംഘനങ്ങളാണ് ലക്ഷ്മി നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഹോസ്റ്റലിലെ സിസി ടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അസുഖ ബാധിതരായ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്മി നായര്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു, ഇവരില്‍ പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് പത്തുവരെയായി, ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് അനുവദിച്ചു, മെറിറ്റ് അട്ടിമറിക്കപ്പെട്ടു, ജാതിയും മതവും നിറവും പറഞ്ഞ് വിദ്യാര്‍ഥികളെ അവഹേളിച്ചു, ഹാജര്‍ രേഖകളില്‍ കൈകടത്തി, പാരമ്പര്യമുള്ള സ്ഥാപനത്തെ ലക്ഷ്മി നായര്‍ മോശമാക്കി, ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വകലാശാല ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല തുടങ്ങി നിരവധി ചട്ടലംഘനങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതി കണ്ടെത്തിയിരിക്കുന്നത്.

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അനുരാധയുടെ ഇല്ലാത്ത അധികാരവിനിയോഗവും വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്ക് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോ. ലക്ഷ്മി നായരെ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രിമിനല്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. സര്‍വകലാശാല പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ എന്ത് നടപടി വേണമെന്നതില്‍ സിന്‍ഡിക്കറ്റ് അന്തിമ തീരുമാനമെടുക്കും. മറ്റു നടപടികള്‍ ആവശ്യമായ വിഷയങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

ഉപസമിതി റിപ്പോര്‍ട്ട് പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തിന് കത്തു നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ടാഴ്ചയിലേറെയായി സമരം നടത്തുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, പ്രിന്‍സിപ്പല്‍ നടത്തുന്ന മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമര സമിതി ഉയര്‍ത്തുന്നത്. സമരം ശക്തമായി തുടരുന്നതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സിന്‍ഡിക്കറ്റ് ഉപസമിതി ലോ അക്കാദമിയിലെത്തി തെളിവെടുത്തത്. വിദ്യാര്‍ത്ഥിനികളുടേത് ഉള്‍പ്പടെ നൂറുകണക്കിന് പരാതികളാണ് ഉപസമിതിക്ക് മുന്നില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഉപസമിതി സിന്‍ഡിക്കറ്റിന് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News