രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ വേണ്ടെന്നു ആന്റണി; പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ ഇല്ല; നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്നും ആന്റണി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ പാർട്ടിക്കു ആവശ്യമില്ലെന്നു ആന്റണി പറഞ്ഞു. പാർട്ടി ഇല്ലെങ്കിൽ ആരുമില്ല. നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്തു ചേരുന്ന കോൺഗ്രസ് നിർവാഹക സമിതി യോഗത്തിലാണ് ആന്റണിയുടെ വിമർശനം.

പാർട്ടി തകർന്നു കൊണ്ടിരിക്കുകയാണെന്ന് ആന്റണി ഓർമിപ്പിച്ചു. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നു മറക്കരുത്. ചോദ്യം ചെയ്യാനുള്ള ആർജവം യുവജന നേതാക്കൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പോകാൻ മറ്റൊരു പാർട്ടി ഇല്ലെന്ന കാര്യം ഓർമവേണം. അതുകൊണ്ടാണ് താൻ ഇതു പറയുന്നതെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസിലെ തമ്മിലടിയെയും ഗ്രൂപ്പ് വഴക്കിനെയുമാണ് ആന്റണി ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന നേതാവ് എന്ന നിലയിൽ പരോക്ഷമായി ഈ വിമർശനം ഉമ്മൻചാണ്ടിക്കു നേരെയാണ് നീളുന്നത്. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതു മുതൽ നേതൃത്വവുമായി ഉമ്മൻചാണ്ടി ഇടഞ്ഞു നിൽക്കുകയാണ്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ നേരിട്ടു കണ്ട് പരാതി അറിയിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ടുനിൽക്കുന്നിടം വരെ എത്തിച്ചു. ഈമാസം 14നു ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നില്ല. അന്നു രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പി.ജെ കുര്യനാണ് വിമർശനം ഉന്നയിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുക്കാതിരുന്നതു ശരിയായില്ലെന്നു പി.ജെ കുര്യൻ പറഞ്ഞു.

പാർട്ടിയെക്കൊണ്ട് നേട്ടമുണ്ടാക്കിയ ആളാണ് ഉമ്മൻചാണ്ടി. എന്നിട്ടും യോഗത്തിൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല. ചെറിയ കാര്യങ്ങൾക്കു വേണ്ടിയാണ് ഉമ്മൻചാണ്ടി മാറിനിൽക്കുന്നത്. പാർട്ടിയെ ഉപയോഗിച്ച് നേട്ടം കൊയ്തിട്ടും ഇത്തരം ചെറിയ കാര്യങ്ങൾക്കു വേണ്ടി വിട്ടുനിന്നത് ശരിയായില്ലെന്നു പി.ജെ കുര്യൻ വിമർശിച്ചു. ഒരാൾക്കു വേണ്ടി യോഗം ഇത്രയും നീട്ടിക്കൊണ്ടു പോയത് ശരിയായില്ലെന്നു പി.സി ചാക്കോയും നിലപാടെടുത്തിരുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്ന ശേഷം ഉമ്മൻചാണ്ടി ഇടഞ്ഞു തന്നെ നിൽക്കുകയാണ്. എ ഗ്രൂപ്പിനു വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയാണ് ഉമ്മൻചാണ്ടിക്കും എ ഗ്രൂപ്പിനും ഉള്ളത്. അതുകൊണ്ടു തന്നെ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം അടക്കം ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം ഉമ്മൻചാണ്ടി ബഹിഷ്‌കരിച്ചിരുന്നു. തന്റെ അസംതൃപ്തി ഉമ്മൻചാണ്ടി ഹൈക്കമാൻഡിനോടും പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News