ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. യഥാര്‍ത്ഥത്തില്‍ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് വേണം രാജ്യത്തെ സുരക്ഷിതമാക്കേണ്ടതെന്ന് സുക്കര്‍ബര്‍ഗ് ട്രംപിനെ ഓര്‍മ്മിപ്പിക്കുന്നു.
‘ലക്ഷക്കണക്കിന് ജനങ്ങള്‍ തങ്ങളെ നാടുകടത്തുമെന്ന ഭീതിയിലാണ് ഇപ്പോള്‍ രാജ്യത്ത് കഴിയുന്നത്. സഹായം ആവശ്യമുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും നമ്മള്‍ വാതിലുകള്‍ തുറന്നിടുന്നു. അതാണ് നമ്മള്‍ ഇതുവരെ ചെയ്തിരുന്നത്. കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയില്ലായിരുന്നുവെങ്കില്‍ എന്റെ ഭാര്യ പ്രിസ്‌കില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാകില്ലായിരുന്നു.’
‘ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്റെ പൂര്‍വ്വികര്‍. പ്രിസ്‌കില്ലയുടെ മാതാപിതാക്കള്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയവരുമാണ്. കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക. അതില്‍ നാം അഭിമാനം കൊള്ളണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിഭാശാലികളെ രാജ്യത്ത് ജോലിയെടുക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തിന് നേട്ടമേ ഉണ്ടാകൂ. ജനങ്ങളെ ഒരു കുടക്കീഴിലാക്കി ലോകത്തെ മികച്ച ഇടമാക്കി മാറ്റാന്‍ ധൈര്യവും അനുകമ്പയും നാം കാട്ടുമെന്നാണ് പ്രതീക്ഷ’.-സുക്കര്‍ബര്‍ഗ് പറയുന്നു.
ട്രംപിന്റെ പുതിയ ഉത്തരവിനെതിരെ നോബേല്‍ ജേതാവ് മലാലയും രംഗത്തെത്തി. അഭയാര്‍ത്ഥികളെ തടയാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് മലാല പറഞ്ഞു. കലാപങ്ങളും യുദ്ധങ്ങളും നടക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള അച്ഛനമ്മമാരെയും കുട്ടികളെയും തഴയരുതെന്നും മലാല അഭ്യര്‍ഥിച്ചു. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയില്‍ സ്വീകരിച്ചിരുന്ന സംസ്‌കാരമാണ് അമേരിക്കയ്ക്കുള്ളത്. അമേരിക്ക ഒരിക്കലും അതിന് എതിരു നില്‍ക്കരുതെന്നും മലാല ആവശ്യപ്പെട്ടു.
ട്രംപിന്റെ പുതിയ ഉത്തരവ് അനുസരിച്ച് ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണിതെന്നാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്. അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂയെന്നും ട്രംപ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here