‘ഹിന്ദു ഭീകരവാദം ഇനിമുതല്‍ കെട്ടുകഥയല്ല’; സംഘ്പരിവാറിനെതിരെ ഒത്തൊരുമിച്ച് ബോളിവുഡ്

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് നേരെയുണ്ടായ സംഘ്പരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബോളിവുഡ്. ഋതിക് റോഷന്‍, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍, വിശാല്‍ ദദ്‌ലാനി തുടങ്ങിയവരാണ് ബന്‍സാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

ആക്രമണത്തോടെ ഹിന്ദുത്വഭീകരവാദം കെട്ടുകഥയല്ലെന്ന് തെളിഞ്ഞതായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. ‘ഹിന്ദുത്വഭീകരവാദികള്‍ ട്വിറ്ററില്‍ നിന്നും യഥാര്‍ഥലോകത്തേക്ക് ഇറങ്ങിയിരിക്കുന്നു. ഹിന്ദു ഭീകരവാദം ഇനിമുതല്‍ കെട്ടുകഥയല്ല.’ കശ്യപ് പറഞ്ഞു. സംഭവം രോഷം ജനിപ്പിക്കുന്നതാണെന്ന് ഋതിക് റോഷന്‍ അഭിപ്രായപ്പെട്ടു. ഒത്തൊരുമിച്ച് പ്രതിരോധിക്കാന്‍ സമയമായി എന്നാണ് ഫര്‍ഹാന്‍ അക്തറും കരണ്‍ ജോഹറും പറയുന്നത്. ഇത്തരം പെരുമാറ്റത്തോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കും എന്നു കരുതരുതെന്നാണ് അര്‍ജുന്‍ രാംപാല്‍ പറഞ്ഞത്.

കഴിഞ്ഞദിവസം പദ്മാവതി എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ബന്‍സാലിക്ക് നേരെ ആക്രമണം നടന്നത്. ചിത്രത്തില്‍ രജ്പുത് രാജ്ഞിയെ മോശക്കാരിയായി കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രജ്പുത് കര്‍ണി സേന എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. ബന്‍സാലിയെ ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ അദ്ദേഹത്തിന്റെ തലമുടി പറിച്ചെടുത്തിരുന്നു.

രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here