ലോ അക്കാദമി സമരത്തിനു സിപിഐഎം പിന്തുണയെന്നു കോടിയേരി; ലോ അക്കാദമിയിലെ സമരം സർക്കാർ വിരുദ്ധ സമരമാക്കാൻ ഗൂഢശ്രമം; മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനു സിപിഐഎം പൂർണ പിന്തുണ നൽകുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർത്ഥി പ്രശ്‌നമാണ്. അതു ഏറ്റെടുത്ത് നടത്താനും വിജയിപ്പിക്കാനും ആവശ്യമായ കരുത്ത് എസ്എഫ്‌ഐക്കുണ്ട്. വിദ്യാർത്ഥി സമരത്തിൽ ഇതുവരെ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എസ്എഫ്‌ഐ ആവശ്യപ്പെട്ടാൽ സമരം സിപിഐഎം ഏറ്റെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച് ഒത്തുതീർപ്പാക്കാൻ തയ്യാറാകണം. മാനേജ്‌മെന്റ് വിട്ടുവീഴ്ചാ സമീപനം സ്വീകരിക്കണം. മുൻകാലങ്ങളിലെ പോലെ പ്രശ്‌നം പരിഹരിക്കാൻ രമ്യമായ ഇടപെടലാണ് ഇപ്പോഴത്തെയും മാനേജ്‌മെന്റ് നടത്തേണ്ടത്. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമരം വിദ്യാർത്ഥി പ്രശ്‌നമാണ്. അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കരുത്. രാഷ്ട്രീയ പ്രശ്‌നമാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അതിലൊന്നും വീഴാൻ പോകുന്നില്ല. വിദ്യാർത്ഥികളുമായി ചർച്ച ചെയ്താണ് പ്രശ്‌നം തീർക്കേണ്ടത്. രാഷ്ട്രീയ പ്രശ്‌നമായി വിദ്യാർതഥി പ്രശ്‌നം മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

സമരപ്പന്തലിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളെ കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. പി.കെ ശ്രീമതി ടീച്ചർ, വി.ശിവൻകുട്ടി എന്നിവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് അദ്ദേഹം സമരത്തിനു പിന്തുണ അറിയിച്ചത്.

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ഇന്നലെ രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നാണ് വിദ്യാർത്ഥികളുടെ സമരത്തിനു പിന്തുണ നൽകാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിക്കണമെന്നു ജില്ലാ സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

14 ദിവസമായി വിദ്യാർത്ഥികൾ നടത്തിവരുന്ന നിരാഹാരം എത്രയും വേഗം ഒത്തുതീർക്കാൻ മാനേജ്‌മെന്റ് തയ്യാറാകണം. മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. കലാലയത്തിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും പഠനം പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. സമരത്തെ യാഥാർത്ഥ്യ ബോധത്തോടെ കാണാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പിടിവാശി ഉപേക്ഷിച്ച് വിദ്യാർത്ഥികളും മാനേജ്‌മെന്റും ചർച്ച ചെയ്ത് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News