സെറീന വില്യംസിനു ചരിത്രനേട്ടം; ചേച്ചി വീനസിനെ തോൽപിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം; 23 ഗ്രാൻഡ്സ്ലാമുമായി സ്റ്റെഫി ഗ്രാഫിനെ പിന്തള്ളി

മെൽബൺ: മെൽബണിൽ ചരിത്രം കുറിച്ച് സെറീന വില്യംസ്. ഓസ്ട്രേലിയന്‍ ഓപ്പണിൽ വീനസ് വില്യംസിനെ തോൽപിച്ച് സെറീന കിരീടം ചൂടി. നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് സഹോദരി വീനസിനെ സെറീന അടിയറവ് പറയിച്ചത്. 14 വർഷങ്ങൾക്കു ശേഷം പരസ്പരം ഇരുവരും ഏറ്റുമുട്ടിയപ്പോൾ അനിയത്തിക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ വീനസിനായില്ല. സ്‌കോർ 6-4, 6-4. ആധുനിക ടെന്നീസിൽ ഏറ്റവുമധികം ഗ്രാൻഡ്സ്ലാം കിരീടം എന്ന ചരിത്രനേട്ടം കുറിക്കുകയും ചെയ്തു സെറീന. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സെറീന നേടിയത്.

14 വർഷങ്ങൾക്കു ശേഷം സഹോദരിമാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വീനസ് ശക്തമായ മത്സരം തന്നെയാണ് കാഴ്ചവച്ചത്. രണ്ടാം സെറ്റിൽ 5-4 എന്ന നിലയിൽ സെറീനയ്ക്ക് വീനസ് വെല്ലുവിളി ഉയർത്തിയെങ്കിലും അടുത്ത സെർവിൽ വീനസിനെ ഭേദിച്ച് സെറീന കിരീടം ചൂടി. 6-4. സെറീനയുടെ ഏഴാമത് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ടെന്നീസ് ഇതിഹാസ വനിതാതാരം സ്‌റ്റെഫി ഗ്രാഫിനെ പിന്തള്ളിയാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫ് 22 ഗ്രാൻഡ്സ്ലാമുകളാണ് നേടിയിട്ടുള്ളത്. വീനസിനെതിരെ 9 ഗ്രാൻഡ്സ്ലാം ഫൈനലുകളാണ് സെറീന കളിച്ചിട്ടുള്ളത്.

ടൂർണമെന്റിൽ അവിസ്മരണീയ തിരിച്ചുവരവ് കാഴ്ചവച്ച വീനസ് സെമിയിൽ യുഎസിന്റെ തന്നെ കോകോ വാൻഡെവെഗെയെ തോൽപിച്ചാണ് ഫൈനലിൽ എത്തിയത്. വാൻഡെവെഗെയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു വീനസിന്റെ ജയം. സ്‌കോർ: 6-7, 6-2, 6-3. ആദ്യ സെറ്റിൽ അവസാനം വരെ പോരാടിയ വീനസ്, രണ്ടും മൂന്നും സെറ്റുകളിൽ വാൻഡെവെഗെയ്ക്ക് ഒരിക്കൽ പോലും മുന്നേറാൻ അവസരം കൊടുത്തില്ല.

ക്രൊയേഷ്യയുടെ മിർജാന ലൂസിച്ച് ബറോണിയായിരുന്നു സെമിയിൽ സെറീനയുടെ എതിരാളി. നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് അനായാസമായിരുന്നു സെറീനയുടെ ജയം. സ്‌കോർ: 6-2, 6-1.

14 വർഷങ്ങൾക്കു ശേഷമാണ് സെറീന-വീനസ് ചരിത്ര ഫൈനൽ അരങ്ങേറിയത്. 2003-ലായിരുന്നു ഇരുവരും അവസാനമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടിയത്. സെറീനയും വീനസും ഏറ്റുമുട്ടുന്ന ഒൻപതാമത് ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2009ൽ വിംബിൾഡൺ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്.

23 വർഷത്തിനിടെ ഗ്രാൻഡ്സ്ലാം സെമിഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായംചെന്ന കളിക്കാരിയായിരുന്നു വീനസ് വില്യംസ്. വീനസ് അവസാനമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിച്ചത് 2009-ൽ ആയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here