കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു; എസ്എഫ്‌ഐ യൂണിയൻ ഭരിക്കുന്നത് മൂന്നുവർഷത്തിനു ശേഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് ഉജ്ജ്വല വിജയത്തിലൂടെ എസ്എഫ്‌ഐ ഭരണം തിരിച്ചുപിടിച്ചത്. അഞ്ചു ജനറൽ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികൾക്കാണ് വിജയം. ഇതോടെ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലാ യൂണിയനുകളും ഭരിക്കുന്ന സംഘടനയായി എസ്എഫ്‌ഐ മാറി.

ചെയർമാനായി വിപി ശരത്പ്രസാദും ജനറൽ സെക്രട്ടറി എഎൻ നീരജും തെരഞ്ഞെടുക്കപ്പെട്ടു. ഇഎം സജിത, എം അജയ് ലാൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. എസ് മുഹമ്മദ് ഷെറിൻ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ കൂർക്കഞ്ചേരി ജെപിഇ ട്രെയിനിംഗ് കോളജ് വിദ്യാർത്ഥിയാണ് ശരത്പ്രസാദ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ശരത്. എസ്എഫ്‌ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗമായ നീരജ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്‌കൃത കോളജ് വിദ്യാർത്ഥിയാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥിയാണ് എം.അജയ്‌ലാൽ. വളാഞ്ചേരി എംഇഎസ് വിദ്യാർത്ഥിനിയാണ് സജിത ഇഎം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് വിദ്യാർത്ഥി മുഹമ്മദ് ഷെറിനാണ് ജോയിന്റ് സെക്രട്ടറി.

സ്വാശ്രയ കോളജുകളും അറബിക് കോളജുകളും ചേർത്തായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്. എന്നിട്ടും എംഎസ്എഫ്-കെഎസ്‌യു സഖ്യത്തിന് വിജയിക്കാനായില്ല. 73 കൗൺസിലർമാരുടെ ഭൂരിപക്ഷത്തിലായിരുന്നു എസ്എഫ്‌ഐ പാനലിന്റെ വിജയം. കാലിക്കറ്റ് സർവകലാശാലയിലെ വിജയത്തോടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും എസ്എഫ്‌ഐ നിയന്ത്രണത്തിലായി.

സർഗവസന്തം തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിദ്യാർത്ഥികൾ എസ്എഫ്‌ഐയെ നെഞ്ചേറ്റിയെന്നതിന്റെ പ്രഖ്യാപനമാണിതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച യൂണിയനായിരുന്നു കഴിഞ്ഞ മൂന്ന് വർഷവും സർവകലാശാല ഭരിച്ചത്. സർവകലാശാല കലോത്സവം പോലും എംഎസ്എഫ് അട്ടിമറിച്ചു. വിദ്യാർത്ഥികൾ എസ്എഫ്‌ഐയെ നെഞ്ചേറ്റി. കാംപസിന്റെ ശബ്ദം എസ്എഫ്‌ഐയാണെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും വിജിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News