ലോ അക്കാദമി: ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും; അനുരാധയുടെ പരീക്ഷാ ഫലങ്ങള്‍ പരിശോധിക്കും; പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം സര്‍ക്കാരിന് വിട്ട് സര്‍വകലാശാല

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷാ ചുമതലകളില്‍ ലക്ഷ്മി നായര്‍ക്ക് ഇടപെടാനാകില്ല. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായരുടെ മാര്‍ക്കുകളും പരീക്ഷാ ഫലങ്ങളും പ്രത്യേക സമിതി പരിശോധിക്കും. പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കാണ് ഇതിനുള്ള ചുമതല. അനുരാധയ്ക്ക് കൂടുതല്‍ മാര്‍ക്കും അനധികൃത ഹാജരും നല്‍കിയതായും സര്‍വകലാശാല സിന്‍ഡിക്കറ്റ് കണ്ടെത്തി.

വനിതാ ഹോസ്റ്റലിലെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യക സമിതിയെ നിയോഗിച്ചു. വിദ്യാര്‍ത്ഥിനികളെ പരീക്ഷാ സമയത്ത് ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിക്കരുത്. നിയമ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഉടച്ചുവാര്‍ക്കാനും സര്‍വകലാശാല ശുപാര്‍ശ ചെയ്തു. ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്തി.

ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ ഒന്‍പത് പേര്‍ അനുകൂലിച്ചു. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തു. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിന്‍ഡിക്കറ്റ് ഉപസമിതിയുടെ നിര്‍ദ്ദേശത്തെ അംഗീകരിച്ചാണ് സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തീരുമാനം.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ. ലക്ഷ്മി നായരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള സര്‍വകലാശാല ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ മാറി നിന്ന് അന്വേഷണം നേരിടണമെന്നും സര്‍വകലാശാല സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടു. സിന്‍ഡിക്കറ്റ് അംഗീകരിച്ച പ്രമേയമാണ് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചത്.

ലോ അക്കാദമി വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ചാന്‍സലറുടെ നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറുടെ നടപടി. പരാതി ഗവര്‍ണര്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News