ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു പ്രഖ്യാപിച്ച് ബിജെപി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടുമെന്നു പ്രകടനപത്രികയിൽ പറയുന്നു. സർവകലാശാലകളിൽ വൈഫൈ സൗകര്യം, യുവാക്കൾക്ക് ലാപ്‌ടോപ്പും സൗജന്യ ഇന്റർനെറ്റ് എന്നിവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്.
മുത്തലാഖ് വിഷയത്തിൽ ഉത്തർപ്രദേശിലെ മുസ്ലിം വനിതകളുടെ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കുമെന്നു പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് അമിത് ഷാ വ്യക്തമാക്കി. ഉത്തർപ്രദേശിലെ വികസനം പശ്ചാത്തലമാക്കിയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തിൽ എത്തിയാൽ കാർഷിക മേഖലുയെട വികസനത്തിനായി അഞ്ച് വർഷത്തേക്ക് 150 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. ഗുണ്ടാമുക്ത ഉത്തർപ്രദേശ്, അഴിമതി മുക്ത ഉത്തർപ്രദേശ് എന്ന പ്രചാരണ വാക്യമാണ് പത്രികയിൽ ബിജെപി നൽകിയിട്ടുള്ളത്.
ഉത്തർപ്രദേശിൽ ബിജെപി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നു അമിത് ഷാ വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, പെൺകുട്ടികൾക്കായി പ്രത്യേക പദ്ധതികൾ, കരിമ്പ് കർഷകരമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, അധികാരത്തിലെത്തിയാൽ 45 ദിവസത്തിനകം എല്ലാ ക്രിമിനലുകളെയും ജയിലിൽ അടയ്ക്കും എന്നതും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്.
ഒരുവർഷം ലാപ്‌ടോപ്പുകളും ഒരു ജിബി ഇന്റർനെറ്റും, വിദ്യാർത്ഥികൾക്ക് 500 കോടി രൂപയുടെ സ്‌കോളർഷിപ്പ്, 90 ശതമാനം ജോലികളും പ്രാദേശിക യുവാക്കൾക്ക്, ഭൂമിയില്ലാത്തവർക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, ഭക്ഷ്യസംസ്‌കരണ ശാല, 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി എന്നിവയും പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നു.
Get real time update about this post categories directly on your device, subscribe now.