ലോ അക്കാദമി സമരം 19-ാം ദിവസത്തിലേക്ക്; ലക്ഷ്മി നായർക്കെതിരായ നടപടി ശുപാർശ ഇന്നു സർക്കാരിനു കൈമാറില്ല; അവധി കഴിഞ്ഞ് നാളെ കൈമാറും

തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരം 19-ാം ദിവസത്തിലേക്ക് കടന്നു. പ്രിൻസിപ്പൽ ലക്ഷ്മി നായരെ പരീക്ഷാ നടപടികളിൽ നിന്ന് ഡീബാർ ചെയ്ത സിൻഡിക്കേറ്റിന്റെ ശുപാർശ ഇന്നു സർക്കാരിന് കൈമാറാൻ സാധ്യതയില്ല. ഇന്നു അവധി ദിനമായതിനാൽ നാളെ ആയിരിക്കും ശുപാർശ ഔദ്യോഗികമായി കൈമാറുക.

നാളെ രാവിലെ ഔദ്യോഗിക ആവശ്യത്തിനായി ദില്ലിയിലേക്ക് പോകാനിരിക്കുന്ന മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങിയെത്തിയ ശേഷം ചെവ്വാഴ്ച മാത്രമേ ഇനി ചർച്ചയ്ക്കു സാധ്യതയുളളു. അതിനു മുൻപ് ചർച്ച നടക്കണമെങ്കിൽ വിസി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിലെത്തിക്കണം. ഇന്നലെ രാത്രി വൈകും വരെ റിപ്പോർട്ട് മന്ത്രിയുടെ പക്കൽ എത്തിയിട്ടില്ലാതതിനാൽ ഇന്നു ചർച്ചയ്ക്കുളള സാധ്യത തുലോം വിരളമാണ്.

ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ ബഹുജന മുന്നേറ്റം ആകുകയാണ്. പ്രിൻസിപ്പൽ രാജിവെക്കുന്നതു വരെ സമരം നീളുമെന്നത് ഉറപ്പായിക്കഴിഞ്ഞു. പ്രിൻസിപ്പൽ ലക്ഷ്മി നായരെ പരീക്ഷാ നടപടികളിൽ നിന്ന് അഞ്ചു വർഷത്തേക്ക് ഡീബാർ ചെയ്യാൻ ഇന്നലെ സർവകലാശാല സിൻഡിക്കേറ്റ് ശുപാർശ ചെയ്തിരുന്നു. ഇന്റേണൽ മാർക്ക് വിലയിരുത്തുന്നതിനായി ഉപസമിതിയെ നിയോഗിക്കുകാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അവധി ആയതിനാൽ വൈസ് ചാൻസലർ നാളെ മാത്രമായിരിക്കും സിൻഡിക്കേറ്റിന്റെ മിനുട്‌സ് അടക്കമുളള രേഖകളും ശുപാർശയും വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.

സിൻഡിക്കേറ്റ് റിപ്പോർട്ട് എതിരായ പശ്ചാത്തലത്തിൽ ലോ അക്കാദമി മാനേജ്‌മെന്റ് യോഗം ചേരാൻ സാധ്യതയുണ്ട്. എന്നാൽ ലക്ഷ്മി നായരെ മാറ്റില്ല എന്ന് അവരും കട്ടായം പറയുന്നതിനാൽ ഒത്തുത്തീർപ്പിനുളള സാധ്യതകൾ അകലുകയാണ്. പ്രൈവറ്റ് കോളജിന്റെ പ്രിൻസിപ്പലിനോടു മാറി നിൽക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ സർക്കാരിന് എത്രത്തോളം സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും സമരത്തിന്റെയും ലക്ഷ്മി നായരുടെയും ഭാവി തീരുമാനിക്കപെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News