അമല്‍ജ്യോതി കോളജിൽ പരീക്ഷ വൈകിയതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിക്കു വധഭീഷണി; ടിസി വാങ്ങി പോയില്ലെങ്കിൽ ശവം കാണേണ്ടി വരുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായി അമ്മയുടെ പരാതി

കോട്ടയം: അമല്‍ജ്യോതി എൻജിനീയറിംഗ് കോളജിൽ പരീക്ഷ വൈകിയതിനെതിരെ നവമാധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാർത്ഥിക്ക് വധഭീഷണി. വിദ്യാർത്ഥിയെ കോളജിൽ നിന്നു പുറത്താക്കിയ കോളജ് പ്രിൻസിപ്പൽ ടിസി വാങ്ങിപ്പോയില്ലെങ്കിൽ മകന്റെ ശവം കാണേണ്ടി വരുമെന്നും വിദ്യാർത്ഥിയുടെ അമ്മയെ ഭീഷണിപ്പെടുത്തി. കാഞ്ഞിരപ്പള്ളി അമൽജ്യോതി ഏൻജീനിയറിംഗ് കോളജിലെ മാത്യു ഏലിയാസിനെതിരെയായിരുന്നു കോളജ് അധികൃതരുടെ ഭീഷണി.

പരീക്ഷ വൈകിയതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട മാത്യുവിനെ അകാരണമായി കോളജ് അധികൃതർ പിരിച്ചുവിടുകയായിരുന്നു. കാര്യം അന്വേഷിക്കാൻ ചെന്ന മാത്യുവിന്റെ അമ്മയോട് ഇപ്പോൾ മകനെ ടിസി വാങ്ങി കൊണ്ടുപോയാൽ ജീവനോടെ കൊണ്ടുപോകാമെന്നും ആറുമാസം കഴിഞ്ഞാൽ മകന്റെ ശവശരീരം കാണേണ്ടി വരുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായാണ് പരാതി. കാരണം കാണിക്കാതെയാണ് മാത്യുവിനെ പുറത്താക്കിയിട്ടുള്ളത്. കോളജിൽ വിളിച്ചുവരുത്തിയ ശേഷം അധികൃതർ മോശമായാണ് പെരുമാറിയതെന്നും എതിരെ ശബ്ദിച്ചാൽ മകനെ സൈബർ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും അമ്മ റോസിലിൻ ഹാലി പറഞ്ഞു.

2015ലാണ് നാട്ടകം സ്വദേശിയായ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജീനീയറിംഗ് കോളജിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടീയത്. സിവിൽ എഞ്ചിനിയറിംഗ് കോഴ്‌സിലെ രണ്ട് സെമസ്റ്ററുകളിലും 70 ശതമാനം മാർക്കോടെയായിരുന്നു വിജയം. മൂന്നാമത്തെ സെമസ്റ്റർ പരീക്ഷ വൈകിയതോടെ ശാസ്ത്രസാങ്കേതിക സർവകലാശാല വിസിക്കെതിരെ മാത്യു ഏലിയാസ് ഫേസ്ബുക്ക് പോസ്റ്റിട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മാത്യു മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളിയായി. മാത്യുവിനെ മയക്കുമരുന്നിനടിമയാണെന്ന് മുദ്രകുത്തി കഴിഞ്ഞമാസം 16ന് കോളജിൽ നിന്നും പുറത്താക്കുകയായിരുന്നെന്നാണ് ആരോപണം. അതിനു മുമ്പു തന്നെ മാത്യു കോളജ് അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു. മുമ്പ് ഹോസ്റ്റലിലെ മാത്യുവിന്റെ സഹപാഠിയായ വിദ്യാർത്ഥി ആസ്മ രോഗിയായപ്പോൾ ആശുപത്രിയിലെത്തിക്കാൻ അധ്യാപകരോടു നിർബന്ധിച്ചത് മാത്യു ആയിരുന്നു.

അന്നു ഇതൊക്കെ ചെയ്യാൻ നീ ആരാണ് എന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. ഇതിനു പിന്നാലെയായിരുന്നു മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതും കൂടിയായപ്പോൾ മാത്യുവിനോടു മാനേജ്‌മെന്റിനു പക ഇരട്ടിച്ചു. ഇതാണ് പുറത്താക്കലിലേക്കും വധഭീഷണിയിലേക്കും നയിച്ചതെന്നാണ് മാത്യു പറയുന്നത്. എന്നാൽ, ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ഓർമയില്ലെന്നാണ് ടിസിയിൽ ഒപ്പിട്ട കോളജ് പ്രിൻസിപ്പിലും അധികൃതകരും കൈരളിയോടു പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here