മുസ്ലിങ്ങളെ വിലക്കിയ ട്രംപിനു കോടതിയിൽ തിരിച്ചടി; യുഎസിൽ ഇതുവരെ എത്തിയ യാത്രക്കാർക്ക് തുടരാമെന്നു ഫെഡറൽ കോടതി

ന്യൂയോർക്ക്: മുസ്ലിങ്ങളെ അമേരിക്കയിലേക്കു വരുന്നതിൽ നിന്നു വിലക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഫെഡറൽ കോടതിയിൽ ഭാഗിക തിരിച്ചടി. നിലവിൽ വീസയുമായി യുഎസിൽ എത്തിയവർക്ക് രാജ്യത്തു തന്നെ തുടരാമെന്നു ഫെഡറൽ കോടതി വിധിച്ചു. ബ്രൂക്ക്‌ലിൻ ഫെഡറൽ ജഡ്ജ് ആണ് ഉത്തരവിനു അടിയന്തരമായി ഭാഗിക സ്റ്റേ ഏർപ്പെടുത്തിയത്. അഭയാർഥികളായി അംഗീകരിച്ചവർക്കും സാധുവായ വീസയുള്ളവർക്കുമാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. ഇന്നലെ ട്രംപിന്റെ ഉത്തരവ് വന്ന ശേഷം യെമൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ വിലക്കിയിരുന്നു.

ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്ക വീസ നിഷേധിച്ചിരുന്നത്. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇന്നലെ വിമാനത്താവളങ്ങളിൽ തടയുകയും ചെയ്തു. ഇതേതുടർന്ന് വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ ബഹളം വച്ചു. ഇതാണ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തത്. സാധുവായ വിസയുമായി അമേരിക്കയിലെത്തിയവരേയും തടഞ്ഞ് തിരിച്ചയക്കുന്ന നടപടിയാണ് ബ്രൂക്ക്‌ലിൻ ഫെഡറൽ ജഡ്ജ് അടിയന്തരമായി സ്റ്റേ ചെയ്തത്. കോടതി ഉത്തരവിനെ ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിഷേധിച്ചവർ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്.

വെള്ളിയാഴ്ച അർധരാത്രിയാണ് അഭയാർഥികളെ തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. തുടർന്ന് ബ്രൂക്ക്‌ലിൻ, ബോസ്റ്റൺ തുടങ്ങി വിവിധ വിമാനത്താവളങ്ങളിലായി നൂറിലധികം യാത്രക്കാരെയാണ് തടഞ്ഞത്. ഇതോടെ വിമാനത്താവളങ്ങളിൽ വൻതോതിലുള്ള പ്രതിഷേധവും ഉയർന്നു. വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാരെ പോലും ഉത്തരവ് വന്നതിന് പിന്നാലെ വിമാനത്താവളങ്ങളിൽ തടഞ്ഞിരുന്നു. സാധുവായ വിസയുണ്ടായിട്ടും തങ്ങളെ തടഞ്ഞ് ചോദ്യംചെയ്തതിനെതിരെ വിമാനത്താവളങ്ങളിൽ വൻ പ്രതിഷേധവുമുണ്ടായി.

ഭീകരതയെ നേരിടാനുള്ള ചില രാജ്യങ്ങൾക്കാണ് വീസാവിലക്കെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നത്. യുഎസ് അഭയാർഥി പ്രവേശന പദ്ധതിയും റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് കോടതി ഉത്തരവ്.
ട്രംപിന്റെ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്തു തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ദ് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് പ്രസ്താവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News