ഇന്നു പൾസ് പോളിയോ ദിനം; കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭാവിക്കായി രണ്ടു തുള്ളി; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ വാക്‌സിൻ കൊടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഇന്നു പൾസ് പോളിയോ ദിനം. എല്ലാ വർഷവും രണ്ടു ദിവസങ്ങളിലാണ് പൾസ് പോളിയോ നൽകുന്നത്. ഈവർഷം ജനുവരി 29 ഞായർ, ഏപ്രിൽരണ്ട് ഞായർ എന്നീ ദിവസങ്ങളിലായി രണ്ടു ഘട്ടങ്ങൾ ഉള്ള പൾസ് പോളിയോ ദിനം ആചരിക്കാൻ തീരുമാനിച്ചു. അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ തിരുവനന്തപുരത്ത് നിർവഹിച്ചു. ആരോഗ്യസുരക്ഷ ഓരോ കുഞ്ഞിന്റെയും ജൻമാവകശമാണെന്നും അത് നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ പലയിടങ്ങളിലും കാണപ്പെട്ടിരുന്നു. ഇതിനു പ്രധാന കാരണം വാക്‌സിൻ മുടങ്ങിയതാണെന്നും വ്യക്തമായി. ഇതേതുടർന്നാണ് വാക്‌സിൻ ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലമാക്കാൻ തീരുമാനിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡ് സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് പോളിയോ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ കേരളം സാമൂഹികക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, സാക്ഷരതാ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി, ലയൺസ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിവിധ ജില്ലകളിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here