മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും ദേശവിരുദ്ധരാണെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. ചെന്നൈയിൽ ജല്ലിക്കട്ടുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

നരേന്ദ്രമോദിയായാലും മറ്റേതൊരു പ്രധാനമന്ത്രിയായാലും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവരെ ബഹുമാനിക്കാത്തവരെ രാജ്യദ്രോഹികൾ എന്നു തന്നെയാണ് വിളിക്കേണ്ടത്. ഇത്തരം ദേശവിരുദ്ധരെ കണ്ടെത്തുകയും അർഹമായ ശിക്ഷ നൽകുകയും വേണം. 2014-ൽ അധികാരത്തിൽ വന്നതു മുതൽ തന്നെ ജല്ലിക്കട്ടിനെ ബിജെപി സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും നിർമല വ്യക്തമാക്കി. ജല്ലിക്കട്ടു സമരത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

ജല്ലിക്കെട്ട് സമരത്തിൽ പങ്കെടുത്തവരിൽ ഒരുവിഭാഗം ദേശവിരുദ്ധരാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ദേശീയ പതാകയോട് ബഹുമാനം കാട്ടാതിരിക്കുകയും ചെയ്തവരാണവർ. അവരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണമെന്നും നിർമല സീതാരാമൻ പറഞ്ഞു. മറീനയിലെ പ്രക്ഷോഭത്തിനിടെ ഒസാമ ബിൻ ലാദന്റെ ചിത്രവുമായി ദേശവിരുദ്ധർ നുഴഞ്ഞു കയറിയെന്നും സമരം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം സഭയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News