ആന്റണി പറഞ്ഞതിനെ നിരാകരിച്ച് രമേശ് ചെന്നിത്തല; കാലിനടിയിലെ മണ്ണ് ആര്‍എസ്എസ് കൊണ്ടു പോകുന്നില്ല; ആന്റണിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു

ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന ആന്റണിയുടെ പ്രസ്താവന ശരിയല്ലെന്നു ചെന്നിത്തല പറഞ്ഞു. ആർഎസ്എസും ബിജെപിയും സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നു എന്നത് സത്യമാണ്. എന്നാൽ, കോൺഗ്രസിന്റെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ വേണ്ടെന്നു ആന്റണി പറഞ്ഞിട്ടില്ല. ആന്റണിയുടെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി ഇന്നലെ രംഗത്തെത്തിയിരുന്നു. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ പാർട്ടിക്കു ആവശ്യമില്ലെന്നാണ് ആന്റണി പറഞ്ഞത്. പാർട്ടി ഇല്ലെങ്കിൽ ആരുമില്ല. നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്തു ചേർന്ന കോൺഗ്രസ് നിർവാഹക സമിതി യോഗത്തിലായിരുന്നു ആന്റണിയുടെ വിമർശനം.

പാർട്ടി തകർന്നു കൊണ്ടിരിക്കുകയാണെന്ന് ആന്റണി ഓർമിപ്പിച്ചു. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നു മറക്കരുത്. ചോദ്യം ചെയ്യാനുള്ള ആർജവം യുവജന നേതാക്കൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പോകാൻ മറ്റൊരു പാർട്ടി ഇല്ലെന്ന കാര്യം ഓർമവേണം. അതുകൊണ്ടാണ് താൻ ഇതു പറയുന്നതെന്നും ആന്റണി പറഞ്ഞു.

കോൺഗ്രസിലെ തമ്മിലടിയെയും ഗ്രൂപ്പ് വഴക്കിനെയുമാണ് ആന്റണി ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന നേതാവ് എന്ന നിലയിൽ പരോക്ഷമായി ഈ വിമർശനം ഉമ്മൻചാണ്ടിക്കു നേരെയാണ് നീളുന്നത്. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതു മുതൽ നേതൃത്വവുമായി ഉമ്മൻചാണ്ടി ഇടഞ്ഞു നിൽക്കുകയാണ്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ നേരിട്ടു കണ്ട് പരാതി അറിയിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News