‘സുഹൃത്തിന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടോ? പുരുഷൻ തൊട്ടപ്പോൾ ഒന്നും തോന്നിയില്ലേ’; ലക്കിടി ജവഹർലാൽ കോളജിനെതിരെ വിദ്യാർഥിനി; ഡയറക്ടറുടെ സംസാരം ലൈംഗിക ചുവയോടെ

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥിനി. കോളേജ് ഡയറക്ടർ അടക്കമുള്ളവർ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. പിടിഎ യോഗത്തിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പിടിഎ യോഗത്തിൽ വിദ്യാർത്ഥിനി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ക്ലാസിൽ ചോക്ലേറ്റ് വിതരണം ചെയ്തതിനു കോളജ് അധികൃതർ തന്നെ ശാസിച്ചതായും മുന്നറിയിപ്പ് നൽകിയതായും വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നു.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് താനും സുഹൃത്തും ക്ലാസിൽ ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കോളജ് അധികൃതർ ആരോപിച്ചതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. ഇതിനെതിരായ അച്ചടക്കനടപടി എന്ന നിലയിൽ തനിക്കൊപ്പം ചോക്ലേറ്റ് വിതരണം ചെയ്ത ആൺകുട്ടിക്ക് സസ്‌പെൻഷനും തനിക്ക് മുന്നറിയിപ്പും കോളജ് അധികൃതർ നൽകി. ഇക്കാര്യത്തിൽ തന്നെ വിചാരണ ചെയ്തപ്പോഴാണ് കോളജ് ഡയറക്ടറിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായത്. സുഹൃത്തിന്റെ അമ്മയുമായി തനിക്ക് എന്തെങ്കിലും രഹസ്യബന്ധമുണ്ടോ എന്നാണ് ഡയറക്ടർ ചോദിച്ചത്.

ഒരു പുരുഷൻ വന്നു ശരീരത്ത് തൊട്ടിട്ടും തനിക്ക് ഒന്നും തോന്നിയില്ലേ എന്നു ലൈംഗികച്ചുവയോടെ ചോദിച്ചു. അപ്പോൾ തനിക്കു ചുറ്റും തന്നെ ചോദ്യം ചെയ്യാൻ ഉണ്ടായിരുന്ന ആറുപേരും പുരുഷൻമാരായിരുന്നു. അനീഷ് എന്ന ഒരു അധ്യാപകന്റെ സാന്നിധ്യം വിദ്യാർത്ഥി എടുത്തു പരാമർശിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സഹോദരതുല്യനാണെന്നു പറഞ്ഞിട്ടു പോലും അശ്ലീലമായാണ് ഡയറക്ടർ സംസാരിച്ചതെന്നു വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നു. ഇതൊക്കെ ആസ്വദിക്കുന്ന കൂട്ടത്തിലാണോ താനെന്ന ചോദ്യമാണ് ഡയറക്ടർ ഉന്നയിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.

മാനസികമായി പീഡിപ്പിച്ച ശേഷമാണ് മുന്നറിയിപ്പ് കത്ത് തനിക്കു നൽകിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തുന്ന ഷോമാൻമാരെ പറ്റി പരാതിപ്പെട്ടിട്ടും രക്ഷയില്ല. പരാതിപ്പെടുന്നവർക്കെതിരെ മോശം സമീപനമാണ് കോളജ് അധികൃതർ സ്വീകരിക്കുന്നതെന്നു പെൺകുട്ടി പറയുന്നുണ്ട്. ഇന്നലെയാണ് ലക്കിടി നെഹ്‌റു കോളജിൽ വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും യോഗം വിളിച്ചുചേർത്തത്. എന്നാൽ, രക്ഷിതാക്കളും വിദ്യാർത്ഥികളും കോളജിനെതിരെ ഉന്നയിച്ച പരാതിയിൽ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ യോഗം ബഹളത്തിൽ മുങ്ങി. യോഗം അലങ്കോലമാകുകയും ചെയ്തു.

യോഗത്തിന്റെ തുടക്കത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഇതേതുടർന്ന് തുടക്കത്തിൽ തന്നെ യോഗം ബഹളത്തിൽ മുങ്ങി. രക്ഷകർത്താക്കളുടെ പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പൽ യോഗത്തിൽ പങ്കെടുത്തെങ്കിലും ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് മറുപടി പറയാൻ അദ്ധേഹത്തിനായില്ല. ഒരോ വിദ്യാർത്ഥിയുടേയും രക്ഷിതാവിനെ തനിച്ചിരുത്തി വിഷയങ്ങൾ സംസാരിക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് അതും നടന്നില്ല.

കോളജിൽ വിദ്യാർത്ഥികൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും യോഗത്തിൽ രക്ഷിതാക്കളിൽ ചിലർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച പ്രശ്‌നങ്ങൾ മാനേജ്‌മെന്റിനെ അറിയാക്കാമെന്ന് പറഞ്ഞ് പ്രിൻസിപ്പലും അധ്യാപകരും യോഗം അവസാനിപ്പിച്ച് തടിതപ്പുകയായിരുന്നു.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News