മുൻ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർശ; നടപടി ഐപിഎസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസിൽ

തിരുവനന്തപുരം: മുൻ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് എസ്പിയുടെ ശുപാർശ. ഐപിഎസുകാരനായ മുൻ പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ വി.ഗോപാലകൃഷ്ണനെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് പ്രോസിക്യൂഷൻ ശുപാർശ. ശുപാർശ അടങ്ങിയ ഫയൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്രൈംബ്രാഞ്ച് മേധാവി കൈമാറി.

പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലും എസ്പിയുമായ ഗോപാലകൃഷ്ണൻ ഐപിഎസിനെ കൈയേറ്റം ചെയ്തതിനു ജി.ആർ അജിത്തിനെതിരെ കേസെടുക്കാവുന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. സിആർപിസി 197 പ്രകാരം അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാം എന്നും റിപ്പോർട്ടിലുണ്ട്. ശുപാർശ അടങ്ങിയ ഫയൽ ഡിജിപി നിയമോപദേശത്തിനായി കൈമാറി.

2015-ലെ പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ വരണാധികാരിയായ ഗോപാലകൃഷ്ണൻ ഐപിഎസിനെ അദ്ദേഹത്തിന്റെ മുറിയിൽ കയറി കൈയേറ്റം ചെയ്‌തെന്നാണ് കേസ്. സംഭവത്തിൽ മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൈമാറിയെങ്കിലും അജിത്തിന് അനുകൂലമായ റിപ്പോർട്ടാണ് അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി ശ്രീധരൻ നൽകിയത്. എന്നാൽ, ഡിജിപി രാജേഷ് ദിവാൻ ക്രൈംബ്രാഞ്ച് മേധാവിയായി വന്നയുടൻ കേസ് പുനഃരന്വേഷിക്കാൻ തീരുമാനിച്ച് എസ്പി കെഎസ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഒരു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാനും കുറ്റപത്രം സമർപ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News