‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പതാകയേന്തി തന്നെ ജാഥ നടത്തുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാധാകൃഷ്ണന്റെ ലോക്‌സഭ മണ്ഡലത്തില്‍ പൊലീസ് ജാഥ തടഞ്ഞു. പുതിയ അറിയിപ്പ് തന്നു: ജാഥ മുന്നോട്ട് പോകണമെങ്കില്‍ കൊടി പിടിക്കരുത് പോലും. ‘ജാഥയും പോകും, കൊടിയും പിടിക്കും, ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’

ഇന്ന് രാവിലെയാണ് ഡിവൈഎഫ്‌ഐ പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞത്. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട പൊലീസ് പ്രവര്‍ത്തകരുടെ കൈയില്‍നിന്ന് പതാക പിടിച്ചുവാങ്ങുകയും ചെയ്തു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍വച്ചാണ് ഡിവൈഎഫ്‌ഐയുടെ പതാകജാഥ തടഞ്ഞത്. ബിജെപിയുടെ ഇടപെടലാണ് പൊലീസ് നടപടിയ്ക്ക് പിന്നിലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

പൊലീസ് വാഹനം ഉപയോഗിച്ച് ജാഥ തടഞ്ഞ പൊലീസ് പ്രവര്‍ത്തകരുടെ കയ്യില്‍നിന്ന് പതാക പിടിച്ചുവാങ്ങാനുള്ള ശ്രമവും നടത്തി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടതോടെ ഏറെ നേരത്തെ സംഘര്‍ഷ സമാനമായ സാഹചര്യത്തിനുശേഷം പൊലീസ് ജാഥ തുടരാന്‍ അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News