‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ധന്‍രാജ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രചാരകന്‍ കണ്ണന്‍ എന്ന അജീഷിനെ ആറ്റിങ്ങല്‍ കാര്യാലയത്തില്‍ സംരക്ഷിച്ച വിവരം താനാണ് പൊലീസിന് കൈമാറിയതെന്നും വിഷ്ണു പറഞ്ഞു. ഈ വിവരം അനുസരിച്ച് കണ്ണൂരില്‍ നിന്നെത്തിയ അന്വേഷണസംഘം കണ്ണനെ ആറ്റിങ്ങല്‍ കാര്യാലയത്തിനു സമീപത്തുനിന്നു പിടികൂടി. പയ്യന്നൂരില്‍ തമ്പടിച്ച് കൊലപാതകം നടത്തിയ കണ്ണനെ ആറ്റിങ്ങലില്‍ എത്തിച്ച് സംരക്ഷിക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടയിലും കണ്ണന്‍ ആറ്റിങ്ങലില്‍ വിവിധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയശേഷവും കണ്ണന്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും വിഷ്ണു പറഞ്ഞു.

ഫസല്‍ വധത്തില്‍ പങ്കെടുത്തെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷിനോജ് വെളിപ്പെടുത്തിയ പലരും ഇപ്പോഴും ആറ്റിങ്ങല്‍ കാര്യാലയത്തിലുണ്ടെന്നും വിഷ്ണു പറഞ്ഞു. ഫസലിനെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന ഷിനോജിന്റെ വെളിപ്പെടുത്തല്‍ പൊലീസ് സിബിഐക്ക് കൈമാറിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

തലസ്ഥാനത്തെ പ്രമുഖ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാനുള്ള ആര്‍എസ്എസ് നീക്കത്തെക്കുറിച്ചും വിഷ്ണു വെളിപ്പെടുത്തുന്നു. അഞ്ചുതെങ്ങ് പെന്തകോസ്ത് പള്ളി ആക്രമണം, ആറ്റിങ്ങലില്‍ പോത്തുകച്ചവടക്കാരുടെ വാഹനം തടഞ്ഞ് ആക്രമണം, മാമത്ത് സിപിഐഎം ജില്ലാ സമ്മേളന രക്തസാക്ഷിമണ്ഡപം തകര്‍ക്കല്‍ എന്നിവയിലെ പ്രതികളെക്കുറിച്ചും തനിക്ക് അറിയാമെന്ന് വിഷ്ണു പറയുന്നു.

വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കലാണ് ആര്‍എസ്എസ് പ്രചാരകരുടെ ലക്ഷ്യമെന്നും വിഷ്ണു ദേശാഭിമാനിയോട് പറഞ്ഞു. ആര്‍എസ്എസ് ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖായ വിഷ്ണു തനിക്ക് നേരിടേണ്ടിവന്ന പീഡനം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News