മുസ്ലീം വനിതകള്‍ക്കായി മറകെട്ടി ബോധവത്കരണ ക്ലാസ്; വിശദീകരണവുമായി ജമാല്‍ മുഹമ്മദ്

തിരുവനന്തപുരം: പരസ്പരം കാണാനാകാതെ മറകെട്ടി മുസ്ലീം വനിതകള്‍ക്കായി, ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു. പോളിയോ ബോധവത്കരണം കേള്‍ക്കാന്‍ എത്തിയ വനിതകള്‍ക്കും വേദിക്കും ഇടയിലാണ്, മറകെട്ടിയിരുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദാണ് ക്ലാസിന് നേതൃത്വം നല്‍കിയിരുന്നത്.

മറകെട്ടിയുള്ള ക്ലാസിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വിവിധ തരത്തിലുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഇന്നും തുടരുകയാണ്. ഇതിനിടയാണ് വിശദീകരണവുമായി ഡോ. ജമാല്‍ അഹമ്മദ് തന്നെ രംഗത്തെത്തിയത്. പ്രദേശത്തെ മതപഠനക്ലാസിന്റെ ഇടവേളയിലാണ് പോളിയോ ബോധവല്‍ക്കരണം നടത്തിയതെന്നും ഇക്കാര്യത്തില്‍ തന്നെ മതമൗലികവാദിയായി ചിത്രീകരിക്കരുതെന്നും ജമാല്‍ പറഞ്ഞു. സൗത്ത് ലൈവിനോടാണ് ജമാല്‍ അഹമ്മദ് ഇക്കാര്യങ്ങള്‍ പറയുന്നത്. ക്ലാസ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചതല്ലെന്നും അദേഹം വ്യക്തമാക്കുന്നു.

class-1
ജമാലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘നീലേശ്വരം കരുവാച്ചേരി പള്ളിയോട് ചേര്‍ന്നുള്ള മദ്രസയിലാണ് ക്ലാസ് നടന്നത്. പോളിയോ വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുക്കാന്‍ ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ എത്തിയത്. ആഴ്ച തോറും നടക്കാറുള്ള മതപഠന ക്ലാസിന്റെ ഇടവേളയില്‍ ഒരു മണിക്കൂറായിരുന്നു ബോധവത്കരണം. മതപഠനക്ലാസിനു വേണ്ടി കെട്ടിയതാണ് ആ കര്‍ട്ടന്‍. അവിടെ അത്തരത്തില്‍ തന്നെയാണ് നടക്കുന്നത്.’

‘പരസ്പരം കാണാനാവാത്ത എനിക്കും ക്ലാസിനു വന്നവര്‍ക്കും ഇടയില്‍കെട്ടിയ കര്‍ട്ടനെ പറ്റി ക്ലാസിനു മുമ്പ് തന്നെ സൂചിപ്പിച്ചു. പക്ഷെ ഞങ്ങള്‍ക്ക് കേട്ടാല്‍ മാത്രം മതിയെന്നായിരുന്നു സ്ത്രീകളുടെ പ്രതികരണം. എനിക്ക് രണ്ടു വഴികളാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ഒന്നുകില്‍ ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു തിരിച്ചു പോരാം. അല്ലെങ്കില്‍ കര്‍ട്ടനെ അവഗണിച്ച് ക്ലാസെടുക്കാം. ഞാന്‍ രണ്ടാമത്തേത് തെരഞ്ഞെടുത്തു. കാരണം ഒരു ഡോകടര്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം പോളിയോ വാക്‌സിനേഷന്റെ പ്രാധാന്യത്തെ അവരെ ബോധവത്കരിക്കുക എന്നതായിരുന്നു. ഞാന്‍ അത് ചെയതു. ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ല.’- ജമാല്‍ അഹമ്മദ് വിശദീകരിക്കുന്നു.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റും, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമാണ് ജമാല്‍ അഹമ്മദ്.

കടപ്പാട്: സൗത്ത് ലൈവ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News