കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനെതിരെ മുലായം സിംഗ്; ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാന്‍ പാര്‍ട്ടി സാധിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുലായം

ദില്ലി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിനെതിരെ മുലായം സിംഗ് യാദവ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ചാലും സമാജ്‌വാദി പാര്‍ട്ടി വിജയിക്കുമെന്നും മുലായം സിംഗ് പറഞ്ഞു. സഖ്യത്തിന് താന്‍ എതിരാണെന്നും പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ലഭിച്ചിട്ടില്ലെന്നും മുലായം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താന്‍ ഇറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നായിരുന്ന കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യപ്രഖ്യാപനം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, മുലായം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇരുനേതാക്കളും വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുലായത്തിന്റെ പ്രതികരണം.

ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു ഇരുവരുടെയും സംയുക്ത വാര്‍ത്താ സമ്മേളനം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. എല്ലാ സീറ്റിലും ജയിച്ച് സഖ്യം അധികാരത്തിലെത്തുമെന്നതില്‍ സംശയം വേണ്ടെന്നും അഖിലേഷ് പറഞ്ഞിരുന്നു.

403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റില്‍ എസ്പിയും 105 സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News