അബ്ദുല്‍ ഖാദറിനെ കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം; ജീവന്‍ യാചിച്ച് കിടന്നത് മൂന്നു മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ കാണാന്‍; തിരിഞ്ഞുനോക്കാതെ ബന്ധുക്കളും: നിര്‍ണായക കണ്ടെത്തലുകള്‍

കണ്ണൂര്‍: പരിയാരത്ത് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിതിരിവുകള്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമാണെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൃത്യമായ ആസൂത്രണത്തിന് ശേഷം രാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ വച്ചായിരുന്നു ക്രൂരമായ മര്‍ദനവും വിചാരണയും. മര്‍ദനത്തിന് ശേഷം നാട്ടുകാര്‍ക്ക് കാണാനായാണ് വഴിയരികില്‍ ഖാദറിനെ ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ അബ്ദുല്‍ ഖാദര്‍ റോഡില്‍ കിടന്നത് മൂന്ന് മണിക്കൂറിലധികമാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവന് വേണ്ടി അപേക്ഷിച്ചപ്പോള്‍ ബന്ധുക്കള്‍ പോലും തിരിഞ്ഞുനോക്കാതെ പോയി. വെള്ളം നല്‍കാനെത്തിയവര്‍ കാലുകളിലെ കെട്ടഴിക്കാനോ ആശുപത്രിയിലെത്തിക്കാനോ തുനിഞ്ഞില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, കൊലപാതകം മനപ്പൂര്‍വ്വമായിരുന്നെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് നിഗമനം.

മാത്രമല്ല, യുവാവിന്റെ മരണത്തിന് ശേഷമുള്ള നാട്ടുകാരുടെ പ്രതികരണങ്ങളും പൊലീസിന് സംശയമുളവാക്കുന്നു. പ്രതികള്‍ക്കായി പണപ്പിരിവിനും ശ്രമം നടക്കുന്നതായും വിവരമുണ്ട്. പ്രദേശത്തെ മഹല്ല് കമ്മിറ്റി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അബ്ദുല്‍ ഖാദര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന്‍(27), സി.ടി മുഹാസ്(21), എം.അബ്ദുള്ള(25), കെ.സി നൗഷാദ്(24), പി.വി സിറാജ്(28) എന്നിവരെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമര്‍ദനമേറ്റ ഖാദറിന്റെ മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഗോപാലകൃഷ്ണപിള്ള പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News