പുണെ: പുണെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇൻഫോസിസ് ജീവനക്കാരിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രസീലയെ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി ബാബെൻ സൈക്യയെയാണ് നാട്ടിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹിൻജവാദിയിലെ രാജീവ്ഗാന്ധി ഇൻഫോടെക് പാർക്കിലെ ജീവനക്കാരിയായിരുന്നു രസീല. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു വിശ്വസിക്കുന്നു. എന്നാൽ, ഓഫീസിലെ സഹജീവനക്കാർ രാത്രി വൈകി മാത്രമാണ് വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.
രസീലയുടെ മാനേജർ പലതവണ രസീലയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. രസീല ഫോൺ എടുക്കാതായതോടെ മാനേജർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് രസീലയെ പോയി നോക്കാൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോൾ ജോലിസ്ഥലത്ത് രസീല ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.